
ടെഹ്‌റാൻ: യുദ്ധം ആരംഭിച്ചതു മുതൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ഇറാൻ പരമാധികാരി ആയത്തൊള്ള മൊജ്തബ ഖമേനി, രാജ്യത്തെ നീതിന്യായ വകുപ്പ് തലവൻ ഹുജ്ജത് അൽ-ഇസ്ലാം മൊഹ്‌സെനി എജെയിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് യു.എസിനും ഇസ്രായേലിനുമെതിരെ ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയത്.
യുഎസും ഇസ്രായേലും നടത്തിയ കുറ്റകൃത്യങ്ങൾ കാരണം രാജ്യത്തിന് ഉണ്ടായ ഭൗതികവും ധാർമ്മികവുമായ നഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ ഇറാൻ ശക്തമായി തുടരുമെന്ന് യോഗത്തിന് ശേഷം പുറത്തിറങ്ങിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന്‍റെ ഭാഗമായി രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ അമേരിക്ക പണം നൽകണമെന്ന ആവശ്യം ഇറാൻ മുമ്പും ഉന്നയിച്ചിരുന്നുവെങ്കിലും യുഎസ് അത് തള്ളിക്കളഞ്ഞിരുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായി പ്രസ്താവനയിലുണ്ട്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അന്നത്തെ പരമാധികാരിയായിരുന്ന ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും മരുമകനും ഉൾപ്പെടെ കുടുംബത്തിലെ പലരും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ മൊജ്തബ ഖമേനി അന്നുമുതൽ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞാണ് പ്രവർത്തിക്കുന്നത്.















