വൈറ്റ് ഹൗസ് പ്രസ് റൂം നീന്തൽക്കുളമാക്കില്ലെന്ന് ട്രംപ്; മാധ്യമപ്രവർത്തകരെ മാറ്റിയേക്കുമെന്ന് സൂചന

വൈറ്റ് ഹൗസിലെ വാർത്താസമ്മേളന മുറി പൊളിച്ചുമാറ്റി അതിനടിയിലുണ്ടായിരുന്ന നീന്തൽക്കുളം പുനഃസ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ മാധ്യമങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടെ മാധ്യമപ്രവർത്തകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയേക്കുമെന്ന സൂചനയും അദ്ദേഹം നൽകി. ശനിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ ഭരണകാലത്ത് നീന്തൽക്കുളം മൂടിയാണ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളന മുറി ഒരുക്കിയത്. പഴയ നീന്തൽക്കുളം പുനഃസ്ഥാപിക്കാൻ ട്രംപ് ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

“വൈറ്റ് ഹൗസിലെ പ്രസ് റൂം നീക്കംചെയ്ത് അതിനടിയിലുള്ള പഴയ നീന്തൽക്കുളം പുനഃസ്ഥാപിക്കാൻ ഞാൻ പദ്ധതിയിടുന്നതായി വ്യാജവാർത്ത പ്രചരിക്കുന്നുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ കൂടുതൽ ശല്യമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റിയേക്കാം. എന്നാൽ പഴയ നീന്തൽക്കുളം ഒരിക്കലും പുനഃസ്ഥാപിക്കില്ല. അത്തരമൊരു മണ്ടത്തരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ ഭരണകാലത്ത് സ്ഥാപിച്ച ഇൻഡോർ നീന്തൽക്കുളം പുനഃസ്ഥാപിക്കുന്നതിനായി ജെയിംസ് എസ്. ബ്രാഡി പ്രസ് ബ്രീഫിങ് റൂമിൽനിന്ന് മാധ്യമപ്രവർത്തകരെ മാറ്റുന്നതിനെക്കുറിച്ച് ട്രംപ് പലതവണ ആലോചിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഓഗസ്റ്റിൽ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അന്നത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റുമായി ട്രംപ് ഇക്കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കിയില്ല.

നിലവിലെ വാർത്താസമ്മേളന മുറിയും അലങ്കാരങ്ങളോടുകൂടിയ പഴയ നീന്തൽക്കുളവും ചേർത്തുള്ള ചിത്രങ്ങൾ സെപ്റ്റംബറിൽ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങൾക്ക് ‘വ്യാജവാർത്തകൾക്ക് മുമ്പ്’, ‘എഫ്ഡിആറിന്റെ നീന്തൽക്കുളത്തിന് ശേഷം’ എന്നിങ്ങനെയായിരുന്നു അദ്ദേഹം നൽകിയ വിശേഷണങ്ങൾ. വൈറ്റ് ഹൗസിലേക്കുള്ള മാധ്യമങ്ങളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവും വാർത്താ സ്ഥാപനങ്ങളും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന. സെപ്റ്റംബറിൽ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളുടെ പ്രവേശനം ഭരണകൂടം താൽക്കാലികമായി നിയന്ത്രിച്ചിരുന്നു.

ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫെഡറൽ കോടതി പിന്നീട് പ്രവേശനം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. മാധ്യമപ്രവർത്തകരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പ്രസിഡന്റിനോടും മുതിർന്ന ഉദ്യോഗസ്ഥരോടുമുള്ള അവരുടെ സാമീപ്യത്തെ ബാധിച്ചേക്കാം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമൊന്നും ട്രംപ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Trump denies plan to turn White House press room into swimming pool, hints at moving reporters

More Stories from this section

family-dental
witywide