ട്രാക്കിലേക്ക് വീണ് സുഹൃത്ത്; രക്ഷിക്കാൻ ചാടിയ ഇന്ത്യൻ വംശജയ്ക്കും ദാരുണാന്ത്യം; ന്യൂയോർക്ക് സബ്ബ്വേ ദുരന്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ സബ്‌വേ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിയും നേപ്പാളി വംശജനായ സുഹൃത്തും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ട്രാക്കിൽ വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ന്യൂജേഴ്‌സി സ്വദേശികളായ മലൈക ചിത്ര (24), നവം കൗൾ (24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 3:14 ഓടെ ലോവർ മൻഹാറ്റനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു ദാരുണമായ സംഭവം. റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥികളായ ഇരുവരും നിലവിൽ യുഎസിൽ ഉദ്യോഗസ്ഥരാണ്. മലൈക അക്കാദിയ ഫാർമസ്യൂട്ടിക്കൽസിൽ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റായും, നവം ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തുവരികയായിരുന്നു.

തമാശകൾക്കോ പരസ്പരമുള്ള സ്നേഹപ്രകടനങ്ങൾക്കോ ഇടയിൽ നവം കൗൾ അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയോ ഇറങ്ങുകയോ ചെയ്തതാകാമെന്നും, തുടർന്ന് നവത്തെ രക്ഷിക്കാനായി മലൈക ട്രാക്കിലേക്ക് ചാടിയതുമാകാം എന്നാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിലിരുന്ന് സംസാരിക്കുന്നതിന്റെയും മലൈക നവത്തെ അടുത്തേക്ക് വലിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ട്രാക്കിൽ ആളുകളെ കണ്ടയുടൻ ട്രെയിൻ ഓപ്പറേറ്റർ എമർജൻസി ബ്രേക്ക് ഇട്ടെങ്കിലും കൃത്യസമയത്ത് ട്രെയിൻ നിർത്താൻ സാധിച്ചില്ലെന്ന് ന്യൂയോർക്ക് പൊലീസ് (NYPD) അറിയിച്ചു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകട സമയത്ത് ഇവർ മദ്യലഹരിയിലായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി. സംഭവത്തിൽ ന്യൂയോർക്ക് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Friend falls onto the tracks; Indian-origin woman who jumped to save her meets a tragic end; more details emerge regarding the New York subway tragedy.

More Stories from this section

family-dental
witywide