വാഷിങ്ടൺ:സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് സാധ്യത കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കൻ കമ്പനിയായ മിഡ്‌വെസ്റ്റ് പോൾട്രി സർവീസസ് 1.6 ദശലക്ഷം ഡസനിലധികം മുട്ടകൾ (ഏകദേശം 1.9 കോടി മുട്ടകൾ) സ്വമേധയാ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വെബ്‌സൈറ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
ടെക്സസിൽ ഉൽപാദിപ്പിച്ച വെള്ളയും കേജ്-ഫ്രീ തവിട്ടുനിറത്തിലുള്ളതുമായ മുട്ടകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഓഗസ്റ്റ് 17 വരെ ‘സെൽ ബൈ’ അല്ലെങ്കിൽ ‘ബെസ്റ്റ് ബൈ’ തീയതിയുള്ള മുട്ടകളെയാണ് നടപടി ബാധിക്കുന്നത്. ടെക്സസ്, ലൂസിയാന എന്നിവിടങ്ങളിലെ ക്രോഗർ സ്റ്റോറുകളിലും ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, ലൂസിയാന, ന്യൂ മെക്സിക്കോ, മിസിസിപ്പി സംസ്ഥാനങ്ങളിലെ ബ്രൂക്‌ഷയർ ഗ്രോസറി ശൃംഖലയിലും മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലുമാണ് ഈ മുട്ടകൾ വിറ്റഴിച്ചത്. കൂടാതെ ടെക്സസ്, ഒക്ലഹോമ, ലൂസിയാന എന്നിവിടങ്ങളിലെ ഭക്ഷ്യസേവന സ്ഥാപനങ്ങൾക്കും മുട്ടകൾ വിതരണം ചെയ്തിരുന്നു.
തിരിച്ചുവിളിച്ച മുട്ടകൾ ഉപയോഗിക്കരുതെന്നും വാങ്ങിയ കടയിൽ തിരിച്ചുനൽകി മുഴുവൻ തുകയും തിരികെ വാങ്ങാമെന്നും കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. P-1950 അല്ലെങ്കിൽ 0840962 എന്ന കോഡ് നമ്പറും 157 മുതൽ 184 വരെയുള്ള ജൂലിയൻ തീയതിയും ഉപയോഗിച്ച് തിരിച്ചുവിളിച്ച മുട്ടകൾ തിരിച്ചറിയാമെന്ന് കമ്പനി അറിയിച്ചു. ഇതുവരെ ഈ മുട്ടകൾ കഴിച്ചതിനെ തുടർന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തിരിച്ചുവിളിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷാ ആശങ്ക ഉയർന്നതോടെ മുട്ടകൾ പാസ്ചറൈസേഷനായി പ്രത്യേക പ്ലാന്റിലേക്ക് മാറ്റുകയും സാൽമൊണെല്ലയുടെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. സി.ഡി.സി.യുടെ കണക്കുകൾ പ്രകാരം, അമേരിക്കയിൽ പ്രതിവർഷം ഏകദേശം 13.5 ലക്ഷം പേർക്ക് സാൽമൊണെല്ല ബാധിക്കുന്നു. മലിനമായ ഭക്ഷണത്തിലൂടെയാണ് രോഗം പ്രധാനമായും പകരുന്നത്. വയറുവേദന, പനി, വയറിളക്കം, ഛർദ്ദി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
More than 19 million eggs voluntarily recalled over potential salmonella contamination










