അതീവ രഹസ്യ നീക്കങ്ങൾ, തായ്‌വാൻ പ്രസിഡന്‍റിന്‍റെ മകനെ നിരീക്ഷിച്ചു; ചൈനീസ് ചാരവനിത യുഎസിൽ എഫ്ബിഐ പിടിയിൽ

ലോസ് ആഞ്ചലസ്: തായ്‌വാൻ പ്രസിഡന്‍റ് ലായ് ചിങ് തെയുടെ അമേരിക്കയിൽ താമസിക്കുന്ന മകനെ രഹസ്യമായി നിരീക്ഷിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്ത കേസിൽ ചൈനീസ് രഹസ്യാന്വേഷണ ഏജന്റെന്ന് സംശയിക്കുന്ന വനിതയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലെ ഇർവിനിൽ റിയൽ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുന്ന വാൻയിങ് “ഹെതർ” ഷാങ് (34) എന്ന വനിതയാണ് ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എൽഎഎക്സ്) പിടിയിലായത്. ചൈനയിലെ ഷാങ്ഹായിലേക്ക് വിമാനം കയറാൻ ഒരുങ്ങുന്നതിനിടെ ഞായറാഴ്ചയാണ് ഫെഡറൽ അന്വേഷണ ഏജൻസി ഇവരെ കസ്റ്റഡിയിലെടുത്തത്. വിദേശ സർക്കാരിന്റെ രജിസ്റ്റർ ചെയ്യാത്ത ഏജന്റായി പ്രവർത്തിച്ചു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

2025 സെപ്റ്റംബറിൽ ഷാങ്ങും കൂട്ടുപ്രതിയായ മറ്റൊരാളും സിയാറ്റിലിലേക്ക് യാത്ര ചെയ്യുകയും തായ്‌വാൻ പ്രസിഡന്‍റിന്‍റെ കുടുംബത്തിന്റെ വീടിന്റെ ചിത്രങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്തതായി എഫ്.ബി.ഐയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെയുടെ മകൻ ടിങ്-യു ലായ് ആണ് ഇവരുടെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മുപ്പതുകളിലുള്ള ടിങ്-യു എൻജിനീയറായി യുഎസിൽ ജോലി ചെയ്തുവരികയാണ്. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളുണ്ടായാൽ തായ്‌വാൻ പ്രസിഡന്‍റിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനായി അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളുടെ താമസസ്ഥലം, വാഹനങ്ങൾ തുടങ്ങിയ വിവരങ്ങൾ ചൈനയ്ക്ക് തന്ത്രപ്രധാനമായി ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ഈ നിരീക്ഷണമെന്ന് എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

ലാസ് വേഗാസിൽ നിന്ന് സിയാറ്റിലിലേക്ക് വിമാനമാർഗ്ഗം എത്തിയ ഷാങ്ങും കൂട്ടാളിയും വാടകക്കെടുത്ത കാറിലാണ് ടിങ്-യു ലായിയുടെ വസതിക്ക് സമീപമെത്തിയത്. തുടർന്ന് ടിങ്-യുവും ഭാര്യയും കുട്ടിയും വീട്ടിലേക്ക് എത്തുന്നതിന്റെ വീഡിയോകൾ ഇവർ പകർത്തുന്ന ദൃശ്യങ്ങൾ അയൽവാസിയുടെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞിരുന്നു. “ഞാൻ അവനെ കണ്ടു, ഒരു യുവാവാണ്, ഞാൻ വീഡിയോ പകർത്തുന്നുണ്ട്” എന്ന് ഷാങ് ചൈനീസ് ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വിചാറ്റ് വഴി ചൈനീസ് ഉദ്യോഗസ്ഥന് സന്ദേശം അയച്ചതായും വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വിവരങ്ങൾ കൈമാറിയതായും ഇവരുടെ ഐക്ലൗഡ് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തി. ചൈനീസ് സർക്കാരിനായി പ്രവർത്തിക്കുന്ന രണ്ടുപേരുമായി ഷാങ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

Also Read

More Stories from this section

family-dental
witywide