ഞെട്ടി യുഎസ്, സർവകലാശാലകളിലെ ലൈംഗികാതിക്രമങ്ങളുടെ ഭയപ്പെടുത്തുന്ന കണക്ക്; 2024ൽ റിപ്പോർട്ട് ചെയ്തത് 8,000-ലധികം ബലാത്സംഗക്കേസുകൾ, ഏറ്റവും കൂടുതൽ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായിൽ

ന്യൂയോർക്ക്: അമേരിക്കൻ സർവകലാശാലകളിലും കോളേജുകളിലും ലൈംഗികാതിക്രമങ്ങൾ ഭീതിതമായ രീതിയിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്. 2024ൽ മാത്രം യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 8,227 ബലാത്സംഗക്കേസുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഫെഡറൽ, സംസ്ഥാന ക്രൈം ഡാറ്റ ഉദ്ധരിച്ച് ‘ന്യൂയോർക്ക് പോസ്റ്റ്’ പുറത്തുവിട്ട അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊളംബിയ, കോർണൽ, എൻവൈയു തുടങ്ങിയ ന്യൂയോർക്കിലെ മുൻനിര എലൈറ്റ് സർവകലാശാലകളും ഈ ഗുരുതര പ്രതിസന്ധിയിൽ നിന്ന് മുക്തമല്ലെന്നാണ് കണ്ടെത്തൽ.

രാജ്യവ്യാപക കണക്കുകൾ പരിശോധിച്ചാൽ യൂണിവേഴ്സിറ്റി ഓഫ് യൂട്ടായാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള സ്ഥാപനത്തേക്കാൾ ഇരട്ടിയിലധികം കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സാൾട്ട് ലേക്ക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന, 36,894 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ പബ്ലിക് യൂണിവേഴ്സിറ്റിയിൽ 2024ൽ മാത്രം 146 ബലാത്സംഗ പരാതികളാണ് യു.എസ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തത്. ഇതിൽ 122 ആക്രമണങ്ങളും ഹോസ്റ്റലുകളിലാണ് നടന്നത്. 18 എണ്ണം കാമ്പസിലെ മറ്റ് കെട്ടിടങ്ങളിലും, ആറെണ്ണം സർവകലാശാലയോ വിദ്യാർത്ഥി സംഘടനകളോ നടത്തുന്ന കാമ്പസിന് പുറത്തുള്ള കേന്ദ്രങ്ങളിലുമാണ് സംഭവിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 96 ബലാത്സംഗ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 67 കേസുകളും രേഖപ്പെടുത്തി. പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (57), യു.സി.എൽ.എ (52), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്താക്രൂസ് (46), യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാന്താ ബാർബറ (43), ഇന്ത്യാന യൂണിവേഴ്സിറ്റി (43), യൂണിവേഴ്സിറ്റി ഓഫ് കൻസാസ് (39), യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി (37) എന്നിവയാണ് ദേശീയ തലത്തിൽ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് പ്രമുഖ സർവകലാശാലകൾ.

ന്യൂയോർക്ക് സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കൊളംബിയ സർവകലാശാലയിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2024-ൽ 262 ലൈംഗികാതിക്രമ സംഭവങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഫെഡറൽ തലത്തിൽ ബലാത്സംഗ കേസുകൾ മാത്രം പ്രത്യേകം രേഖപ്പെടുത്തുമ്പോൾ, ന്യൂയോർക്ക് സംസ്ഥാന നിയമപ്രകാരം ലൈംഗിക പീഡനം, ഡേറ്റിങ് വയലൻസ്, ഗാർഹിക പീഡനം, പിന്തുടർന്ന് ശല്യപ്പെടുത്തൽ (സ്റ്റോക്കിങ്) എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് കണക്കുകൾ തയ്യാറാക്കുന്നത്. കൊളംബിയ സർവകലാശാലാ കാമ്പസിനകത്ത് മാത്രം 21 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്, ഇവയെല്ലാം സർവകലാശാലാ ഹോസ്റ്റലുകളിലാണ് ഉണ്ടായത്.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നതിനൊപ്പം, പരാതികളിൽ അന്വേഷണം നടത്തുന്നതിലും അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിലും ന്യൂയോർക്കിലെ വൻകിട സർവകലാശാലകളിൽ ഏറ്റവും മോശം റെക്കോർഡും കൊളംബിയ സർവകലാശാലയ്ക്കാണെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു. 2024-ൽ സർവകലാശാലയുടെ ടൈറ്റിൽ IX കോർഡിനേറ്റർക്ക് ലഭിച്ച 262 പരാതികളിൽ കേവലം മൂന്നെണ്ണത്തിൽ മാത്രമാണ് ഔദ്യോഗിക അന്വേഷണം നടന്നത്. ഇതിൽ ഒരു കേസിൽ മാത്രമാണ് കുറ്റാരോപിതനായ വിദ്യാർത്ഥിയെ പുറത്താക്കാൻ നടപടിയുണ്ടായത്.

ഇത് ഒരു വർഷത്തെ മാത്രം വീഴ്ചയല്ലെന്നും, കണക്കുകൾ ലഭ്യമായി തുടങ്ങിയ 2018 മുതൽ 2024 വരെയുള്ള ഏഴ് വർഷത്തെ വിവരങ്ങൾ പരിശോധിച്ചാലും കൊളംബിയ സർവകലാശാല തന്നെയാണ് നടപടികളിൽ ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കാലയളവിൽ ലഭിച്ച 1,202 പരാതികളിൽ ശരാശരി ഒൻപത് ശതമാനം കേസുകൾ മാത്രമാണ് അന്വേഷണത്തിലേക്ക് എത്തിയത്. ഇതിൽ കേവലം ഒരു ശതമാനം അഥവാ 17 കേസുകളിൽ മാത്രമാണ് കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

More Stories from this section

family-dental
witywide