അമേരിക്കൻ പ്രസിഡന്റ് പദവി ഉപയോഗിച്ച് ഡോണൾഡ് ട്രംപ് നിയമവിരുദ്ധമായോ അധാർമികമായോ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നതായി സർവേ. സാധാരണക്കാരെ സഹായിക്കുന്നതിനേക്കാൾ സ്വന്തം സാമ്പത്തിക താൽപര്യങ്ങൾക്കാണ് ട്രംപ് മുൻഗണന നൽകുന്നതെന്നും ഭൂരിഭാഗം പേരും കരുതുന്നു. അസോസിയേറ്റഡ് പ്രസ്–എൻഒആർസി സെന്റർ ഫോർ പബ്ലിക് അഫയേഴ്‌സ് റിസർച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമേരിക്കയിലെ മുതിർന്നവരിൽ പത്തിൽ ആറുപേരോളം ട്രംപ് പ്രസിഡന്റ് പദവിയിലൂടെ നിയമവിരുദ്ധമായി നേട്ടമുണ്ടാക്കുകയോ നിയമലംഘനമല്ലാത്ത അധാർമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നുവെന്ന് കരുതുന്നു. പത്തിൽ നാലുപേർ അദ്ദേഹം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കുമ്പോൾ രണ്ടുപേരോളം അദ്ദേഹത്തിന്റെ നടപടികൾ അധാർമികമാണെങ്കിലും നിയമവിരുദ്ധമല്ലെന്നാണ് അഭിപ്രായപ്പെട്ടത്. ട്രംപ് തെറ്റൊന്നും ചെയ്യുന്നില്ലെന്ന് പത്തിൽ രണ്ടുപേർ കരുതുന്നു. ആരോപണങ്ങൾ വിലയിരുത്താൻ മതിയായ വിവരങ്ങളില്ലെന്ന് സമാനമായ അനുപാതത്തിലുള്ളവരും പ്രതികരിച്ചു.
വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപിന്റെ കുടുംബ ബിസിനസ് ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് സർവേ പുറത്തുവന്നത്. സ്വന്തം ബിസിനസുകൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് 56 ശതമാനം പേർ കരുതുന്നു. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ബിസിനസ് താൽപര്യങ്ങൾക്ക് സമാനമായ മുൻഗണന നൽകിയെന്ന് 54 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് കരുതുന്നത് നാലിലൊന്ന് പേരാണ്. തങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് മുൻഗണന നൽകിയെന്ന് വിശ്വസിക്കുന്നത് പത്തിൽ ഒരാൾ മാത്രവും.
ട്രംപിന്റെ സമ്പത്ത് വർധിക്കുമ്പോൾ സാധാരണക്കാർ ജീവിതച്ചെലവുകൾ നേരിടാൻ പ്രയാസപ്പെടുകയാണെന്ന് ഫ്ലോറിഡയിൽ നിന്നുള്ള 87കാരിയും സ്വതന്ത്ര വോട്ടറുമായ ബാർബറ താക്സൺ പറഞ്ഞു. ട്രംപും കുടുംബവും പ്രസിഡന്റ് പദവി ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണങ്ങൾ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടുണ്ട്. ട്രംപിന് താൽപര്യസംഘർഷങ്ങളില്ലെന്നും രാജ്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നുമാണ് ഭരണകൂടത്തിന്റെ നിലപാട്.
ആദ്യ ഭരണകാലത്ത് കുടുംബത്തിന്റെ വിദേശ സ്വകാര്യ ബിസിനസ് ഇടപാടുകൾക്ക് സ്വയം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ട്രംപ് നീക്കിയിരുന്നു. തുടർന്ന് പുതിയ ക്രിപ്റ്റോകറൻസി സംരംഭങ്ങളും ആരംഭിച്ചു. ജൂണിൽ സമർപ്പിച്ച ഫെഡറൽ സാമ്പത്തിക വെളിപ്പെടുത്തൽ രേഖപ്രകാരം, ക്രിപ്റ്റോ മേഖലയിലെ നിയന്ത്രണങ്ങൾ ഭരണകൂടം ലഘൂകരിച്ചതിനു പിന്നാലെ പുതിയ സംരംഭങ്ങളിൽനിന്ന് ഒരു ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചതായി ട്രംപ് രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രംപ് ഓർഗനൈസേഷൻ ആദ്യ ഭരണവർഷത്തിനിടെ വിദേശരാജ്യങ്ങളിൽ എട്ട് റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തി. ഏകാധിപത്യ ഭരണകൂടങ്ങളോ ഏകകക്ഷി ഭരണസംവിധാനങ്ങളോ ഉള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം രാജ്യങ്ങളിലെ സർക്കാരുകൾക്ക് സ്വകാര്യ ബിസിനസുകളിൽ സ്വാധീനമുണ്ടെന്നും വാഷിങ്ടണുമായുള്ള നല്ല ബന്ധം നിലനിർത്താൻ താൽപര്യമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ ചായ്‌വുകൾ ആരോപണങ്ങളോടുള്ള പ്രതികരണത്തെ സ്വാധീനിക്കുന്നതായും സർവേയിൽ വ്യക്തമായി. ഡെമോക്രാറ്റുകളിൽ പത്തിൽ എട്ടുപേരോളം ട്രംപ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് കരുതുന്നു. സ്വതന്ത്ര വോട്ടർമാരിൽ പത്തിൽ മൂന്നുപേരും റിപ്പബ്ലിക്കൻമാരിൽ പത്തിൽ ഒരാളും മാത്രമാണ് ഈ അഭിപ്രായക്കാരായത്. സ്വതന്ത്ര വോട്ടർമാരിലും റിപ്പബ്ലിക്കൻമാരിലും പത്തിൽ രണ്ടുപേരോളം ട്രംപിന്റെ നടപടികൾ അധാർമികമാണെങ്കിലും നിയമവിരുദ്ധമല്ലെന്ന് കരുതുന്നു. ഭൂരിഭാഗം റിപ്പബ്ലിക്കൻമാരും ട്രംപ് തെറ്റൊന്നും ചെയ്യുന്നില്ലെന്നോ ആരോപണങ്ങൾ വിലയിരുത്താൻ മതിയായ വിവരങ്ങളില്ലെന്നോ അഭിപ്രായപ്പെട്ടു.
Most Americans think Donald Trump is profiting from presidency unethically or illegally, finds poll













