
ആൽബുകെർക്കി (ന്യൂ മെക്സിക്കോ): ഗർഭകാല പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയ ശേഷം തിരികെ ജയിലിലേക്ക് മടങ്ങുന്നതിനിടെ, ജയിൽ വകുപ്പിന്റെ എസ്‍യുവി വാഹനവുമായി ഗർഭിണിയായ തടവുകാരി കടന്നുകളഞ്ഞു. 26 വയസ്സുകാരിയായ റെബേക്ക ടെയ്‌ലർ ആണ് ബുധനാഴ്ച ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. ഗർഭിണിയായതിനാൽ കൈവിലങ്ങുകളോ മറ്റ് നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല എന്നത് മുതലെടുത്താണ് ഇവർ രക്ഷപ്പെട്ടതെന്ന് ന്യൂ മെക്സിക്കോ കറക്ഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ആൽബുകെർക്കിയിലെ ഡോക്ടറുടെ പരിശോധന കഴിഞ്ഞ് ഗ്രാന്റ്സിലുള്ള വെസ്റ്റേൺ ന്യൂ മെക്സിക്കോ കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മടങ്ങുന്നതിനിടെ, കൂടെയുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങുന്നതിനായി ഒരു റെസ്റ്റോറന്റിന് മുന്നിൽ വാഹനം നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ തക്കത്തിന് വാഹനത്തിന്റെ മുൻസീറ്റിലേക്ക് കയറിയ റെബേക്ക, ‘ഡോഡ്ജ് ജേർണി’ എന്ന ഔദ്യോഗിക വാഹനവുമായി കടന്നുകളയുകയായിരുന്നു.
പിന്നീട് ജി.പി.എസ് സഹായത്തോടെ വാഹനം കണ്ടെത്തിയെങ്കിലും റെബേക്ക അതിനുള്ളിൽ ഉണ്ടായിരുന്നില്ല. വാഹനത്തിന് സമീപത്തുനിന്ന് ഇവരുടെ ജയിൽ വസ്ത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹന മോഷണം, മോഷ്ടിച്ച കാർ കൈവശം വെക്കൽ തുടങ്ങിയ നാല് കുറ്റങ്ങളിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ഇവർ.
ടെക്സസിലെ ക്ലീവ്‌ലാൻഡ് സ്വദേശിയായ റെബേക്ക പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ ഗ്രേഹൗണ്ട് ബസുകളിലും ആംട്രാക്ക് ട്രെയിനുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് മാർഷൽസ് സർവീസ് 5,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. സംഭവത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ന്യൂ മെക്സിക്കോയിലെ എല്ലാ ജയിലുകളിലും ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ പിൻവലിച്ചു.















