ഭാരം കുറയ്ക്കാനുള്ള ജിഎൽപി-1 മരുന്നുകൾ അമേരിക്കൻ വിപണിയുടെ മുഖച്ഛായ മാറ്റുന്നു; ഭക്ഷണച്ചെലവ് കുറയുമ്പോൾ വസ്ത്രവിപണിയിൽ വൻ കുതിപ്പ്

വാഷിംഗ്ടൺ: ശരീരഭാരം കുറയ്ക്കാനായി ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഉപയോഗിക്കുന്ന ജിഎൽപി-1 മരുന്നുകൾ ഉപഭോക്താക്കളുടെ ചെലവഴിക്കൽ രീതികളിലും വിപണിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. 2030-ഓടെ ആറ് കോടിയിലധികം (60 മില്യൺ) അമേരിക്കക്കാർ ഈ മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുമെന്നാണ് സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് കണക്കാക്കുന്നത്. ഇത് നിലവിലുള്ള ഉപയോക്താക്കളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ്. ഈ മാറ്റം ബിസിനസ്സ് സ്ഥാപനങ്ങളെ തങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിക്കുകയാണ്.

ജി.എൽ.പി-1 മരുന്നുകൾ ഇപ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ ഒരു ചെറിയ ഘടകമല്ലെന്നും, ഉപഭോക്താക്കളുടെ പണം ഭക്ഷണത്തിൽ നിന്ന് വസ്ത്രങ്ങളിലേക്ക് മാറുന്നതിന് ഇത് കാരണമാകുന്നുണ്ടെന്നും ഓക്സ്ഫോർഡ് ഇക്കണോമിക്സ് സാമ്പത്തിക വിദഗ്ധ ഗ്രേസ് സ്വെമ്മർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ കൂടുതൽ ആരോഗ്യവാന്മാരാകുന്നതോടെ ജോലിയിൽ കൂടുതൽ കാലം തുടരാൻ സാധിക്കുമെന്നും, ഇത് തൊഴിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഭക്ഷണത്തിനായി ചെലവഴിക്കുന്ന തുകയിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തുന്നത്. ജി.എൽ.പി-1 മരുന്നുകൾ ഉപയോഗിക്കുന്ന കുടുംബങ്ങൾ വീട്ടിലേക്കും റെസ്റ്റോറന്റുകളിലേക്കുമായി ഭക്ഷണത്തിനായി ചെലവഴിക്കുന്ന തുകയിൽ പ്രതിവർഷം ശരാശരി 500 ഡോളറിന്റെ കുറവുണ്ടാകുന്നു. മരുന്ന് ഉപയോഗിച്ചു തുടങ്ങി മാസങ്ങൾക്കുള്ളിൽ പലചരക്ക് ചെലവുകൾ ഏകദേശം അഞ്ച് ശതമാനത്തോളം കുറയുന്നതായി കോർണൽ സർവ്വകലാശാലയും ന്യൂമറേറ്ററും നടത്തിയ പഠനത്തിൽ കണ്ടെത്തി. ലഘുഭക്ഷണങ്ങളുടെയും ബേക്കറി പലഹാരങ്ങളുടെയും വാങ്ങലിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. അതേസമയം, തൈര്, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.

ഭക്ഷണച്ചെലവ് കുറയുമ്പോൾ വസ്ത്രങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. ജി.എൽ.പി-1 ഉപയോക്താക്കൾ പ്രതിവർഷം വസ്ത്രങ്ങൾക്കായി ശരാശരി 200 ഡോളർ അധികമായി ചെലവഴിക്കുന്നുണ്ടെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് പറയുന്നു. ശരീരഭാരം കുറയുന്നതിനനുസരിച്ച് ചെറിയ അളവിലുള്ളതും ശരീരത്തോട് ചേർന്നുകിടക്കുന്നതുമായ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ഇവർ താൽപ്പര്യപ്പെടുന്നതായി റീട്ടെയിൽ ഫോർകാസ്റ്റിംഗ് സ്ഥാപനമായ ഇംപാക്ട് അനലിറ്റിക്സ് വ്യക്തമാക്കുന്നു. 2027-ഓടെ ഉപയോക്താക്കളുടെ എണ്ണം നാല് കോടിയിലേക്ക് എത്തുന്നതോടെ അടുത്ത വർഷം വസ്ത്രവിപണിയിൽ എട്ട് ബില്യൺ ഡോളറിന്റെ അധിക വരുമാനമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide