മെക്സിക്കോയിൽ രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ഹോട്ട്‌ലൈൻ തുടങ്ങിയ യുഎസ് ഏജൻസിക്കെതിരെ ആഞ്ഞടിച്ച് പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോം; ഔദ്യോഗിക പ്രതിഷേധം അറിയിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ക്രിമിനൽ സംഘങ്ങളെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും കുറിച്ച് വിവരങ്ങൾ നൽകുന്നതിനായി അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ രഹസ്യ ടിപ്പ് ലൈനുകൾ ആരംഭിച്ചതിനെതിരെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം രൂക്ഷമായി പ്രതികരിച്ചു. അമേരിക്കൻ നടപടി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച പ്രസിഡന്റ്, യു.എസ് അംബാസഡർ റോൺ ജോൺസണെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതിഷേധം അറിയിച്ചതായും വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധം പരസ്പര ഏകോപനത്തിന്റേതാണെന്നും കീഴ്‌വഴങ്ങലിന്റേതല്ലെന്നും ഷെയ്ൻബോം തന്റെ ദൈനംദിന വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

സ്വന്തം അതിർത്തിക്കുള്ളിലെ മയക്കുമരുന്ന് കടത്തും അഴിമതിയും തടയാൻ അമേരിക്കയ്ക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഷെയ്ൻബോം, അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട പുതിയ അന്വേഷണ റിപ്പോർട്ടിലെ ഭാഗങ്ങൾ വാർത്താസമ്മേളനത്തിൽ വായിച്ചു. മയക്കുമരുന്ന് ശൃംഖലയെ നിരീക്ഷിക്കുന്നതിനായി എട്ട് മാസത്തിനിടെ കുറഞ്ഞത് 14 ലക്ഷം വ്യാജ ഫെന്റനൈൽ ഗുളികകൾ പിടിച്ചെടുക്കാതെ വിപണിയിലെത്താൻ ഡി.ഇ.എ അനുവദിച്ചതായാണ് എ.പി റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കയിലെ അഴിമതി റിപ്പോർട്ട് ചെയ്യാൻ മെക്സിക്കോ ഒരു വാട്ട്‌സ്ആപ്പ് സർവീസ് തുടങ്ങിയാൽ യു.എസ് സർക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് അവർ ചോദിച്ചു. 2011-ലെ വിവാദമായ ആയുധക്കടത്ത് സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഡി.ഇ.എയുടെ ഈ നടപടിയെ “ഫെന്റനൈലിന്റെ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്” എന്നാണ് അവർ വിശേഷിപ്പിച്ചത്.

സിനലോവ സംസ്ഥാനത്തെ ക്രിമിനൽ ശൃംഖലകളെയും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും കുറിച്ച് സിഗ്നൽ, വാട്ട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി രഹസ്യമായി വിവരങ്ങൾ നൽകാൻ മെക്സിക്കൻ പൗരന്മാരോട് ഡി.ഇ.എ അഡ്മിനിസ്ട്രേറ്റർ ടെറി കോൾ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മെക്സിക്കോയുടെ കടുത്ത പ്രതികരണം. ജാലിസ്കോ സംസ്ഥാനത്തിനായുള്ള പ്രത്യേക ചാനലും വ്യാഴാഴ്ച പുറത്തുവിടുമെന്ന് കോൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, മയക്കുമരുന്ന് കാർട്ടലുകളെ നേരിടാൻ മെക്സിക്കൻ മണ്ണിൽ സൈന്യത്തെ വിന്യസിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം ഷെയ്ൻബോം തള്ളിക്കളഞ്ഞു. കഴിഞ്ഞ നവംബർ 20-ന് യു.എസ് ഡ്രോണിന്റെ സഹായത്തോടെ മെക്സിക്കൻ സൈന്യം നടത്തിയ നീക്കത്തിൽ ‘എൽ ചാപ്പോ ഇസിഡ്രോ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മയക്കുമരുന്ന് തലവൻ ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്ലോറസിനെ പിടികൂടിയിരുന്നു. ഏറ്റുമുട്ടലിൽ 16 കാർട്ടൽ അംഗങ്ങളും നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മെക്സിക്കോയിൽ തന്നെയാകും വിചാരണ നടക്കുകയെന്ന് അറ്റോർണി ജനറൽ ഏണസ്റ്റീന ഗോഡോയ് വ്യക്തമാക്കി. നേരത്തെ, ഭരണകക്ഷി അംഗമായ സിനലോവ ഗവർണർ റൂബൻ റോച്ച മോയയ്‌ക്കെതിരെ അമേരിക്ക മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തിയതും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന യു.എസ് ആവശ്യം മെക്സിക്കോ നിരസിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തിയിരുന്നു.

More Stories from this section

family-dental
witywide