
സാൻ ഫ്രാൻസിസ്കോ: തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചുവെന്നാരോപിച്ച് ആപ്പിൾ കഴിഞ്ഞ ജൂണിൽ നൽകിയ കേസിന് മറുപടിയായി, ആപ്പിളിനെതിരെ പ്രത്യാക്രമണ കേസ് ഫയൽ ചെയ്ത് ഓപ്പൺ എഐ. സ്ഥാപനം വിട്ടുപോകുന്ന ജീവനക്കാരെയും അവർ പുതുതായി ചേരുന്ന കമ്പനികളെയും രഹസ്യവിവരങ്ങൾ മോഷ്ടിച്ചുവെന്ന കുറ്റത്തിൽ കുടുക്കാൻ ആപ്പിൾ മനഃപൂർവ്വം സാഹചര്യങ്ങൾ ഒരുക്കുകയാണെന്ന് നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിൽ സമർപ്പിച്ച ഹർജിയിൽ ചാറ്റ് ജി.പി.ടി നിർമ്മാതാക്കളായ ഓപ്പൺ എ.ഐ ആരോപിച്ചു. സാധ്യതയുള്ള എതിരാളികളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ഒരു കെണിയായാണ് ആപ്പിളിന്റെ തൊഴിൽ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
ആപ്പിളിൽ മുൻപ് ജോലി ചെയ്തിരുന്ന ചീഫ് ഹാർഡ്വെയർ ഓഫീസർ ടാങ് ടാൻ, സാങ്കേതിക വിദഗ്ധൻ ചാങ് ലിയു എന്നിവരും ഓപ്പൺ എ.ഐയും ചേർന്ന്, ഓപ്പൺ എഐയുടെ സ്വന്തം ഹാർഡ്വെയർ വികസിപ്പിക്കുന്നതിനായി ആപ്പിളിന്റെ രഹസ്യ വിവരങ്ങൾ മോഷ്ടിച്ചുവെന്നായിരുന്നു ജൂണിൽ ആപ്പിൾ നൽകിയ പരാതി. എന്നാൽ, പുറത്തിറങ്ങാത്ത സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ആപ്പിളിന്റെ രഹസ്യ വിവരങ്ങൾ ഓപ്പൺ എ.ഐ ജീവനക്കാർ മനഃപൂർവ്വം മോഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്തതിനെക്കുറിച്ചാണ് തങ്ങളുടെ കേസെന്ന് ആപ്പിൾ വക്താവ് വെള്ളിയാഴ്ച പ്രതികരിച്ചു. ആപ്പിളിന്റെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ കോടതി ഇതിനകം തന്നെ ഓപ്പൺ എ.ഐയോട് ഉത്തരവിട്ടിട്ടുണ്ടെന്നും, യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഈ പുതിയ ഹർജിയെന്നും ആപ്പിൾ വ്യക്തമാക്കി.
ഹാർഡ്വെയർ രൂപകൽപ്പന രംഗത്തേക്ക് കടക്കാൻ ഓപ്പൺ എ.ഐ ഒരുങ്ങുന്നതോടെ ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ആപ്പിളിന്റെ മുൻ പ്രശസ്ത ഡിസൈനർ ജോണി ഐവിന്റെ (Jony Ive) എ.ഐ ഉപകരണ സ്റ്റാർട്ടപ്പായ ‘ഐ.ഒ പ്രൊഡക്റ്റ്സ്’ 2025 ജൂലൈയിൽ ഓപ്പൺ എ.ഐ ഏറ്റെടുത്തതും ഇരു കമ്പനികളും തമ്മിലുള്ള മത്സരം ശക്തമാക്കിയിട്ടുണ്ട്.















