
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന് റഷ്യൻ ഒളിഗാർക്ക് ഉമർ ക്രെംലേവ് കോടിക്കണക്കിന് രൂപയുടെ വിവാഹസമ്മാനം നൽകിയെന്ന ആരോപണത്തിൽ ഔദ്യോഗിക അന്വേഷണം ഉണ്ടാകാൻ സാധ്യതയില്ലെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി. ‘പ്രോപ്പബ്ലിക്ക’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിനോട് വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തിൽ അന്വേഷണം നടത്താൻ തക്കതായി ഒന്നുമില്ലെന്ന് ബ്ലാഞ്ച് പ്രതികരിച്ചു. ട്രംപും അദ്ദേഹത്തിൻ്റെ മക്കളും ഈ വിഷയത്തിൽ തങ്ങളുടെ ഭാഗം ഇതിനകം തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി അടുത്ത ബന്ധമുള്ള ഒളിഗാർക്കും ഇന്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റുമായ ഉമർ ക്രെംലേവ്, ട്രംപ് ജൂനിയറിൻ്റെയും ഭാര്യ ബെറ്റിന ട്രംപിൻ്റെയും ബഹാമാസിലെ വിവാഹാനന്തര പാർട്ടികൾക്കായി ലക്ഷക്കണക്കിന് ഡോളർ ചിലവഴിച്ചു എന്നാണ് പ്രോപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തത്.
തനിക്ക് ഉമർ ക്രെംലേവിനെ അറിയില്ലെന്നും മകൻ്റെ വിവാഹം നടന്നത് മറ്റൊരു ദിവസവും മറ്റൊരു സ്ഥലത്തുമാണെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഇതൊരു വലിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു അടുത്ത സുഹൃത്ത് നൽകിയ തികച്ചും വ്യക്തിപരമായ വിവാഹസമ്മാനമാണിതെന്നും, വിവാഹത്തിനല്ല മറിച്ച് അതിനുശേഷമുള്ള രണ്ട് ദിവസത്തെ പാർട്ടികൾക്കാണ് പണം നൽകിയതെന്നും ട്രംപ് ജൂനിയറും ഭാര്യ ബെറ്റിനയും ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
ഒരു വിദേശ ഒളിഗാർക്ക് പ്രസിഡൻ്റിൻ്റെ മകൻ്റെ പാർട്ടിക്ക് പണം നൽകിയത് കടുത്ത അഴിമതിയും ദേശീയ സുരക്ഷാ ഭീഷണിയുമാണെന്ന് ഹൗസ് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് പ്രതിനിധികൾ ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Multi-million wedding gift from Russian oligarch; US Attorney General says no investigation against Trump Jr.















