യുഎസ് പൗരത്വമുള്ളയാൾ എങ്ങനെ ഇന്ത്യയിലെ സമരത്തിൽ പങ്കെടുക്കും? ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ; തത്കാലം രാജ്യം വിടേണ്ട, തീരുമാനം ശനിയാഴ്ച

മുംബൈയിൽ നടന്ന വിദേശവിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി എസ്.ഐ.ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സംഭവത്തിൽ ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഓ) നൽകിയ നോട്ടീസിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നടൻ സത്യവാങ്മൂലം നൽകിയത്. വിദേശ പൗരത്വവും ഒ.സി.ഐ കാർഡുമുള്ള ഇമ്രാൻ ഖാന് ഇന്ത്യയിൽ ഇത്തരം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ യാതൊരു അവകാശവുമില്ലെന്ന് ബോംബെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒ.സി.ഐ കാർഡുള്ളവരെയും ഇന്ത്യൻ പൗരന്മാരെയും ഒരേതട്ടിൽ കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ് ചെലവഴിച്ചതെന്നും അമേരിക്കയിൽ ജനിച്ചതുകൊണ്ട് മാത്രമാണ് അവിടുത്തെ പൗരത്വം ലഭിച്ചതെന്നും ഇമ്രാൻ ഖാൻ കോടതിയിൽ വിശദീകരിച്ചു. എന്നാൽ ഒരു ഇന്ത്യൻ പൗരൻ വിദേശരാജ്യങ്ങളിൽ പോയി ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ അവർ ആ രാജ്യത്തുനിന്ന് ഉടൻ നാടുകടത്തപ്പെടുമെന്ന് ബെഞ്ച് ഓർമ്മിപ്പിച്ചു. വിദേശ പൗരന്മാർ രാജ്യത്തെ രാഷ്ട്രീയ സ്വഭാവമുള്ള സമരങ്ങളിൽ ഇടപെടുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കോടതി.

നടൻ നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ കോടതി കൂടുതൽ സമയം അനുവദിച്ചു. വരുന്ന ശനിയാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നടന് തത്കാലം രാജ്യത്ത് തുടരാമെന്നും, ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന എഫ്.ആർ.ആർ.ഓ നോട്ടീസിലെ തുടർനടപടികൾ അതുവരെ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ നടനെ പിന്നീട് വിട്ടയച്ചിരുന്നു. ശനിയാഴ്ചത്തെ വാദത്തിന് ശേഷമാകും കേസിൽ അന്തിമ തീരുമാനമുണ്ടാകുക.

Imran Khan Apologizes Unconditionally for Participating in SIR Protest; Bombay High Court Says Actor Need Not Leave India for Now

More Stories from this section

family-dental
witywide