ഇമ്രാൻ ഖാന്റെ ഇന്ത്യ വിടാനുള്ള നോട്ടീസിന് താൽക്കാലിക സ്റ്റേ; നവംബർ 2 വരെ നോട്ടീസ് മരവിപ്പിക്കാനും ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28നകം ഇന്ത്യ വിടാൻ നിർദേശിച്ച നോട്ടീസിൽ താൽക്കാലിക ആശ്വാസം. ഹർജി പരിഗണിക്കുന്നത് നവംബർ 2ന് ഉച്ചകഴിഞ്ഞ് മൂന്നിലേക്ക് മാറ്റിയ ബോംബെ ഹൈക്കോടതി, അതുവരെ നോട്ടീസ് മരവിപ്പിക്കാനും ഉത്തരവിട്ടു. കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്‌ന എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അതുവരെ ഇമ്രാൻ ഖാനെതിരെ നടപടിയെടുക്കില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിക്ക് വാക്കാൽ ഉറപ്പുനൽകി.

അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ, ഇന്ത്യ വിടാൻ നിർദേശിച്ച നോട്ടീസ് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. നോട്ടീസ് ഏകപക്ഷീയമാണെന്നും മതിയായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ ആരോപിച്ചു. ഒക്ടോബർ 28നകം രാജ്യം വിടണമെന്നാണ് വിദേശികളുടെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ) ഒക്ടോബർ 14ന് നൽകിയ നോട്ടീസിൽ നിർദേശിച്ചിരുന്നത്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, 2025ലെ ഏഴ്(2)(സി), 29 വകുപ്പുകൾ പ്രകാരമായിരുന്നു നടപടി.

ഒക്ടോബർ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇമ്രാനൊപ്പം പങ്കാളി ലേഖ വാഷിങ്ടണിനെയും ബന്ധു സെയ്ൻ മേരി ഖാനെയും കസ്റ്റഡിയിലെടുത്തിരുന്നു.

നോട്ടീസ് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും മുൻകൂർ വാദം കേൾക്കാതെയും വിശദീകരണം നൽകാൻ അവസരം അനുവദിക്കാതെയുമാണ് നടപടി സ്വീകരിച്ചതെന്നും ഇമ്രാൻ ഖാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. അഭിഭാഷകരായ സുൽഫിഖാർ മേമൻ, പർവേസ് മേമൻ, കുനാൽ വജാനി എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Imran Khan’s ‘leave India’ notice put on hold, Bombay High Court grants interim relief until November 2

More Stories from this section

family-dental
witywide