
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെയുള്ള സി.ജെ.പി പ്രതിഷേധത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ വൻ സംഘർഷം. ജന്തർ മന്തറിന് സമീപം കോണോട്ട് പ്ലേസിലെ പി.ടി.ഐ കെട്ടിടത്തിന് നേരെ പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കല്ലേറിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന അമ്പതോളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് പരിക്കേറ്റതെന്ന് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ ബജ്റംഗ് ജാദവ് പറഞ്ഞു. റാലിയിലുണ്ടായിരുന്നവർ തന്നെ തള്ളിയിടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.ജെ.പി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ 400-ഓളം പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാങ്ക, സൗരവ് ദാസ് എന്നിവരെ വ്യത്യസ്തയിടങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ന്യൂഡൽഹി പ്രദേശം ശാന്തമാണെന്നും എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയിലാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം രാജ്യവ്യാപകമായി തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി.
നേതൃത്വം ഉണ്ടായാലും ഇല്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും, അറസ്റ്റ് നടപടികൾ കൊണ്ട് തങ്ങളുടെ പദ്ധതികളെ തടയാനാകില്ലെന്നും പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
National capital turns into a battleground: Stone-pelting near Jantar Mantar; two police personnel injured; 50 protesters taken into custody; 400 people placed under preventive detention.













