നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അപകടത്തിൽപ്പെട്ട കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു. സഹായത്തിനായി നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ, വിദേശത്തുനിന്ന് +91-8802012345 എന്ന നമ്പറിലോ ബന്ധപ്പെടാം. രക്ഷാപ്രവർത്തനങ്ങളുടെയും വിവരശേഖരണത്തിന്റെയും ഏകോപനത്തിനായി ഡൽഹി എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കുമായി സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിന് പുറമെ 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായങ്ങൾക്കായി വിളിക്കാം. പ്രളയം ബാധിച്ചതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രാ തീയതി, പ്രദേശത്ത് എത്തിയ ദിവസം, അവസാനം ബന്ധപ്പെട്ട തീയതി, മൊബൈൽ നമ്പർ, യാത്രാ ഏജൻസിയുടെ പേര് എന്നിവ 1070ൽ അറിയിക്കണം. കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ സാധിക്കാത്തപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് വിവരമറിയിക്കാനും നിർദ്ദേശമുണ്ട്.
നേപ്പാളിൽ അപകടത്തിൽപ്പെട്ട മുഴുവൻ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി നേപ്പാൾ ഭരണകൂഡവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ദുരിതബാധിതരായ ഇന്ത്യക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) സജ്ജമാക്കിയിട്ടുണ്ട്. ലഭിക്കുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനങ്ങൾ വഴി നേപ്പാൾ സർക്കാരിന് കൈമാറി രക്ഷാദൗത്യം വേഗത്തിലാക്കാനാണ് നീക്കം.
Nepal Floods: Norka Opens Emergency Helpdesk; Embassy and State Govt Issue Helplines for Stranded Keralites















