വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചരിത്രത്തിലെ കുപ്രസിദ്ധ ഭരണാധികാരികളായ മാവോ സെതുങ്, ജോസഫ് സ്റ്റാലിൻ, അറ്റില്ല ദ ഹൺ, ചെംഗിസ് ഖാൻ, നെപ്പോളിയൻ, അഡോൾഫ് ഹിറ്റ്‌ലർ എന്നിവരുമായി സ്വയം താരതമ്യം ചെയ്തതായി പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തൽ. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർമാർ രചിച്ച പുസ്തകത്തിലെ ഭാഗങ്ങൾ സിഎൻഎൻ പുറത്തുവിട്ടു.
ഒരു “ചരിത്രകാരൻ” തയ്യാറാക്കിയ രണ്ട് പേജുള്ള രേഖ തനിക്ക് ലഭിച്ചിരുന്നുവെന്നും, അതിൽ പരാമർശിച്ച മറ്റ് നേതാക്കൾക്ക് ആഗോള സ്വാധീനം ഇല്ലായിരുന്നുവെന്നും, എന്നാൽ തന്റെ ശക്തി ലോകവ്യാപകമാണെന്നും രേഖപ്പെടുത്തിയിരുന്നുവെന്ന് ട്രംപ് പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു. പിന്നീട് ആ രേഖ തയ്യാറാക്കിയത് ചരിത്രകാരനല്ലെന്നും, പ്രശസ്ത ഗോൾഫ് താരം ഗാരി പ്ലെയറുടെ മുൻ കാഡിയാണെന്നും വ്യക്തമായി. “ആ നേതാക്കൾ ഭയം ഉപയോഗിച്ചാണ് അധികാരം നിലനിർത്തിയത്. അങ്ങനെ ആരാണ് ചെയ്യുക?” എന്ന് ട്രംപ് പറഞ്ഞതായും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നെതന്യാഹുവിനെതിരെ കടുത്ത വിമർശനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ചുള്ള ട്രംപിന്റെ വിരുദ്ധാഭിപ്രായങ്ങളും പുസ്തകം വെളിപ്പെടുത്തുന്നു. ഭരണകാലത്തിന്റെ തുടക്കത്തിൽ ഇറാനുമായുള്ള യുദ്ധത്തിൽ നെതന്യാഹുവിന്റെ പദ്ധതികളിൽ തനിക്ക് “ഒരു പങ്കും വേണ്ട” എന്ന് ട്രംപ് പറഞ്ഞതായി പുസ്തകം പറയുന്നു.
മറ്റൊരു അവസരത്തിൽ നെതന്യാഹുവിനെ “വഞ്ചകൻ” (Con Man) എന്ന് വിശേഷിപ്പിച്ചതായും, പിന്നീട് “ഭ്രാന്തൻ”, “തീർച്ചയായും വിവേകമില്ലാത്ത വ്യക്തി” തുടങ്ങിയ പരാമർശങ്ങളും നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
സെലൻസ്കിയുമായുള്ള വാക്കേറ്റം
‘ദി അപ്രന്റിസിനേക്കാൾ മികച്ചത്’ഉക്രൈൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കിയെക്കുറിച്ചുള്ള ട്രംപിന്റെ സംശയാത്മക സമീപനവും പുസ്തകത്തിൽ പരാമർശിക്കുന്നു. ഓവൽ ഓഫീസിൽ സെലൻസ്കി, ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ തമ്മിൽ നടന്ന കടുത്ത വാക്കേറ്റത്തിന് ശേഷം, അത് തന്റെ പ്രശസ്ത റിയാലിറ്റി ഷോയായ ദി അപ്രന്റിസ് നേക്കാൾ മികച്ചതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടതായും പുസ്തകം പറയുന്നു.
മന്ത്രിസഭാംഗങ്ങൾക്കും വിമർശനം
2025 ഏപ്രിലിൽ അമേരിക്കൻ വാഹനനിർമാതാക്കൾക്ക് താരിഫ് നയം തിരിച്ചടിയാകില്ലെന്ന് വാണിജ്യമന്ത്രി ഹോവാർഡ് ലട്‌നിക് വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ, “നിങ്ങൾ മുമ്പ് ശക്തനായ ആളായിരുന്നു, ഇപ്പോൾ മൃദുവായിരിക്കുന്നു” എന്ന് ട്രംപ് പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു.
ഫെഡറൽ റിസർവ് ചെയർമാനെതിരെ നീക്കം
ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചതായും പുസ്തകം പറയുന്നു. പവലിനെ സമ്മർദത്തിലാക്കാൻ വിവിധ മാർഗങ്ങൾ അന്വേഷിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പരാമർശമുണ്ട്.
മസ്‌കിനൊപ്പമുള്ള കൂടിക്കാഴ്ചയും ‘സ്വർണ പേജറും’
ട്രംപ്, ഇലോൺ മസ്‌ക്, ടക്കർ കാർൽസൺ എന്നിവർ പങ്കെടുത്ത ഓവൽ ഓഫീസ് യോഗത്തിനിടെ, ഹിസ്ബുള്ളയ്‌ക്കെതിരായ 2024ലെ പേജർ ആക്രമണത്തിന്റെ ഓർമ്മയ്ക്കായി നെതന്യാഹു സമ്മാനിച്ച സ്വർണ പേജർ മസ്‌കിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതായും പുസ്തകം പറയുന്നു. ആ ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെയും ഗുരുതര പരിക്കുകളെയും കുറിച്ച് ട്രംപ് വിശദമായി വിവരിച്ചതായും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
New book reveals Trump compared himself to Mao, Stalin, Attila the Hun, called Netanyahu a ‘con man’














