
ലെക്സിംഗ്ടൺ (കെൻ്റക്കി): അമേരിക്കയിലെ കെൻ്റക്കിയിലുള്ള ചാർലസ് യംഗ് പാർക്കിലുണ്ടായ ആയുധധാരിയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ഏഴ് മണിയോടെയാണ് ലക്സിംഗ്ടൺ ഡൗൺടൗണിലെ പാർക്കിൽ ദാരുണമായ സംഭവം നടന്നത്.
വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ അഞ്ച് പേർ വെടിയേറ്റ് വീണുകിടക്കുന്ന നിലയിലായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരിൽ നാലും പതിനാലും വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലെക്സിംഗ്ടൺ പൊലീസ് ചീഫ് ലോറൻസ് വെതേഴ്സ് അറിയിച്ചത്.
പ്രതിയെക്കുറിച്ച് പൊലീസ് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആയുധങ്ങൾ നിയമവിരുദ്ധമായി കൈവശം വെക്കുന്നവരെക്കുറിച്ചോ, ആക്രമണത്തിന് സാധ്യതയുള്ളവരെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിച്ചാൽ മുൻകൂട്ടി പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് ചീഫ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ ഉടൻ തന്നെ ലെക്സിംഗ്ടൺ പൊലീസുമായി ബന്ധപ്പെടണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
Shooting shakes America again; One killed, four injured, including children, in Kentucky park















