ഹസീനയെ വിട്ടുനൽകണം; ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ചർച്ച നടത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി, ബന്ധം വഷളാക്കരുതെന്ന് മുന്നറിയിപ്പ്

ധാക്ക: ബംഗ്ലാദേശിൽ നിന്നും നാടുകടത്തപ്പെട്ട അവാമി ലീഗ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഈ വിഷയം ഔദ്യോഗികമായി ഉന്നയിച്ചത്.

ഈ വിഷയത്തിൽ ഇന്ത്യയിൽ നിന്നും അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയ താരിഖ് റഹ്മാൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന മുന്നറിയിപ്പും നൽകി. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വെച്ച് ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താ സമ്മേളന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിൻ്റെ ഈ പ്രതികരണം. ഹസീനയുടെ നടപടി ബംഗ്ലാദേശിലെ നീതിന്യായ വ്യവസ്ഥയെ അനാദരിക്കുന്നതാണെന്നും, അതിന് ഇന്ത്യൻ സർക്കാർ അനുമതി നൽകരുതായിരുന്നു എന്നുമാണ് ബംഗ്ലാദേശിൻ്റെ നിലപാട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധം മാനിച്ചുകൊണ്ട് ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലൂർ റഹ്മാൻ വാർത്താ ലേഖകരോട് പറഞ്ഞു. ബംഗ്ലാദേശിൻ്റെ ആശങ്കകൾ ഇന്ത്യക്ക് മനസ്സിലായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ഇന്ത്യൻ ഹൈക്കമ്മീഷണർ കൂടിക്കാഴ്ചയിൽ കൈമാറി. ബംഗ്ലാദേശ് സർക്കാരുമായും ജനങ്ങളുമായും കൂടുതൽ നിർമ്മാണാത്മകവും പുരോഗമനപരവുമായ രീതിയിൽ മുന്നോട്ട് പോകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഹൈക്കമ്മീഷൻ വ്യക്തമാക്കി.

ഉസ്മാൻ ഹാദി വധക്കേസിലെ പ്രതികളായ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ എത്രയും വേഗം വിട്ടുനൽകാൻ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇവരെ കഴിഞ്ഞ മാർച്ചിൽ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ (RAW) യുടെ മേധാവി പരാഗ് ജെയിൻ ധാക്കയിൽ എത്തിയിട്ടുണ്ട്.

Hasina should be released; Bangladesh PM holds talks with Indian High Commissioner, warns against worsening relations

More Stories from this section

family-dental
witywide