
ഹൈദരാബാദ്: ക്ഷേത്ര ഉത്സവത്തിനിടെ പരസ്യമായി പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലുള്ള ചിത്കുൽ ഗ്രാമത്തിൽ നടന്ന ബോണാലു ഉത്സവത്തിനിടയിലാണ് വിവാദപരമായ മൃഗബലി നടന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മെദക് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു നീലം മധു.
കഴിഞ്ഞ ഓഗസ്റ്റ് 5-നായിരുന്നു സംഭവം. മൃഗബലിയുടെ ദൃശ്യങ്ങൾ നേതാവിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ‘സ്ട്രേ ആനിമൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’ എന്ന സംഘടനയിലെ മൃഗസംരക്ഷണ പ്രവർത്തകനായ അതുലാപുരം ഗൗതം ഓഗസ്റ്റ് 7-ന് പഠാഞ്ചെരു പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരൻ ഓഗസ്റ്റ് 6-ന് നേരിട്ട് ഗ്രാമം സന്ദർശിച്ച് മൃഗബലി നടന്നതായി സ്ഥിരീകരിച്ചിരുന്നു.
മൃഗങ്ങളെ ക്രൂരമായി കൊല്ലുന്നതിനും ഉപദ്രവിക്കുന്നതിനുമെതിരെയുള്ള ഭാരതീയ ന്യായ സംഹിതയിലെ (BNS) 325-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പാണിത്. തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പൊതു ആരാധനാലയങ്ങളിലോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലോ മൃഗബലി നടത്തുന്നത് നിയമം മൂലം കർശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Case filed against senior Congress leader in Telangana for sacrificing buffalo during temple festival















