അന്യഗ്രഹ വസ്തുക്കളും അവശിഷ്ടങ്ങളും സൂക്ഷിക്കാൻ ഭൂഗർഭ അറ നിർമ്മിക്കാൻ പദ്ധതിയുണ്ടായിരുന്നു; പുതിയ യുഎഫ്ഒ രേഖകൾ പുറത്തുവിട്ട് പെന്റഗൺ

വാഷിംഗ്ടൺ: അന്യഗ്രഹ പേടകങ്ങളെക്കുറിച്ചും അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള പുതിയൊരു കൂട്ടം രേഖകൾ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ വെള്ളിയാഴ്ച പുറത്തുവിട്ടു. ലഭിക്കാനിടയുള്ള അസാധാരണമായ വസ്തുക്കളും ജൈവ കോശങ്ങളും കണ്ടെടുക്കുന്ന ഉപകരണങ്ങളും സൂക്ഷിക്കുന്നതിനായി അതീവ സുരക്ഷയുള്ള ഒരു ഭൂഗർഭ അറ നിർമ്മിക്കാൻ സർക്കാർ കരാറുകാരായ സ്ഥാപനം പദ്ധതിയിട്ടിരുന്നതായുള്ള നിർണ്ണായക വിവരങ്ങളാണ് പുറത്തുവന്നത്.

യു.എഫ്.ഒ രേഖകളുടെ എട്ടാം ഘട്ടമായി പുറത്തുവിട്ട 43 ഫയലുകളിലാണ് ഈ റിപ്പോർട്ടും ഉൾപ്പെട്ടിരിക്കുന്നത്. 1950-കളിലെ വ്യോമസേനയുടെയും സി.ഐ.എയുടെയും ചരിത്രപരമായ രേഖകളും സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ് ഇതിലുള്ളത്. അന്നത്തെ സെനറ്റർ ഹാരി റീഡിന്റെ നിർബന്ധപ്രകാരം കോൺഗ്രസ് ഫണ്ട് അനുവദിച്ച ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (DIA) പദ്ധതിയുടെ ഭാഗമായി ‘ബിഗ്‌ലോ എയ്‌റോസ്‌പേസ് അഡ്വാൻസ്‌ഡ് സ്‌പേസ് സ്റ്റഡീസ്’ (BAASS) എന്ന സ്ഥാപനം 2009 ജൂലൈയിൽ തയ്യാറാക്കിയ 538 പേജുള്ള റിപ്പോർട്ടിലാണ് ഭൂഗർഭ അറയെക്കുറിച്ച് പരാമർശിക്കുന്നത്.

ബ്രസീൽ ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കാവുന്ന അജ്ഞാത ഉപകരണങ്ങളും ജൈവ സാമ്പിളുകളും സൂക്ഷിക്കാൻ അതീവ സുരക്ഷയുള്ള ഒരു ഭൂഗർഭ അറ അനിവാര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നെവാഡയിലെ നോർത്ത് ലാസ് വെഗാസിലുള്ള ബിഗ്‌ലോ എയ്‌റോസ്‌പേസ് കേന്ദ്രത്തിൽ ഈ അറ നിർമ്മിക്കാനായിരുന്നു രൂപകൽപ്പന. 15 മുതൽ 20 അടി വരെ മണ്ണിനടിയിൽ 5,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലും മൂന്ന് അടി കനമുള്ള ഭിത്തികളോടും കട്ടിയുള്ള ഉരുക്ക് വാതിലുകളോടും കൂടിയാണ് ഇത് വിഭാവനം ചെയ്തിരുന്നത്. ഭൂമിക്ക് മുകളിലേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങൾ തിരിച്ചറിയാനാകാത്ത വിധം മറച്ചുവെക്കാനും പദ്ധതിയിട്ടിരുന്നു.

എന്നാൽ ഈ ഭൂഗർഭ അറ യഥാർത്ഥത്തിൽ നിർമ്മിച്ചതിന് ഔദ്യോഗിക തെളിവുകളൊന്നുമില്ല. പെന്റഗൺ പിന്നീട് പുറത്തുവിട്ട ബിഗ്‌ലോ എയ്‌റോസ്‌പേസിന്റെ തുടർ റിപ്പോർട്ടുകളിലും ഇതിനെക്കുറിച്ച് പരാമർശമില്ല. കമ്പനിയുടെ റിപ്പോർട്ടുകൾക്ക് പരിമിതമായ മൂല്യമേയുള്ളൂ എന്ന് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥൻ കണ്ടെത്തിയതിനെത്തുടർന്ന് 2012-ൽ പെന്റഗൺ ഈ ഗവേഷണ പദ്ധതി അവസാനിപ്പിച്ചിരുന്നു. 2020-ൽ ബിഗ്‌ലോ എയ്‌റോസ്‌പേസ് തങ്ങളുടെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ വർഷം ഈ റിപ്പോർട്ടിന്റെ പകർപ്പ് ഓൺലൈനിൽ പ്രചരിച്ചിരുന്നെങ്കിലും പെന്റഗൺ ഇത് ഔദ്യോഗികമായി പുറത്തുവിടുന്നത് ഇതാദ്യമായാണ്.

വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ സമീപകാലത്ത് സൈന്യം പകർത്തിയ അജ്ഞാത ആകാശ പ്രതിഭാസങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടുന്നുണ്ട്. പെന്റഗണിന്റെ ഓൾ-ഡൊമെയ്ൻ അനോമലി റെസല്യൂഷൻ ഓഫീസിന് സൈന്യം കൈമാറിയ മൂന്ന് വീഡിയോ ക്ലിപ്പുകളിൽ സ്ക്രീനിന് കുറുകെ വെളുത്ത പൊട്ടുകൾ അതിവേഗം നീങ്ങുന്ന ദൃശ്യങ്ങളാണുള്ളത്.

Also Read

More Stories from this section

family-dental
witywide