
ലഖ്നൗ: അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഒരു വർഷം മുമ്പ് താൻ നടത്തിയ അഭ്യർത്ഥന പൗരന്മാർ ഏറ്റെടുത്തതിലെ സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഖ്നൗവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇറാൻ – അമേരിക്ക യുദ്ധകാലത്തെ തന്റെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതിലെ സന്തോഷം പ്രധാനമന്ത്രി പങ്കുവച്ചത്. ഇപ്പോൾ സ്വർണവില കുറഞ്ഞതായും തന്റെ ആഹ്വാനം ഏറ്റെടുത്തതിലൂടെ ജനങ്ങൾക്ക് പണം ലാഭിക്കാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തപ്പോൾ രാജ്യം അത് അനുസരിച്ചതുപോലെ, തന്റെ നിർദേശവും ജനങ്ങൾ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും യുഎസ്–ഇറാൻ യുദ്ധസാഹചര്യവും ഇന്ധനവില വർധനവും നിലനിൽക്കെ ഇന്ധനത്തിന്റെയും സ്വർണത്തിന്റെയും ഉപയോഗം കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. സ്വർണ്ണ വില ഇടിഞ്ഞതിന് പിന്നാലെ, തന്റെ വാക്ക് കേട്ടവർ ഇപ്പോൾ നന്ദി പറയുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുള്ളവരേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ മൂല്യവും സ്വീകാര്യതയും ലഭിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോട്ടും പാന്റും ടൈയും ധരിച്ച് കടലാസ് സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കുന്നവരേക്കാൾ പ്രായോഗിക വൈദഗ്ധ്യമുള്ളവർക്കാണ് കാലം മാറുന്നതിനനുസരിച്ച് പ്രാധാന്യം ലഭിക്കുകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അധിനിവേശക്കാർ ഇന്ത്യയുടെ പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെയും നൈപുണ്യ അടിസ്ഥാന സൗകര്യങ്ങളെയും തകർക്കുന്നതിനായി കരകൗശല വിദഗ്ധരുടെ പെരുവിരലുകൾ വരെ മുറിച്ചുമാറ്റിയിരുന്നുവെന്നും മോദി ആരോപിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) വിദ്യാർത്ഥികൾക്കും ലഭിക്കണമെന്നും, എല്ലാ വിദ്യാർത്ഥികളും രാജ്യത്തിന്റെ സമ്പത്തും ശക്തിയും ഭാവിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
PM Modi Credits His Appeal for Fall in Gold Prices; Says Practical Skills Will Outweigh Paper Degrees in Future














