എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിലുള്ള കൊടുംകുറ്റവാളി ‘എൽ ചാപ്പോ ഇസിഡ്രോ’ മെക്സിക്കോയിൽ പിടിയിൽ; സിനലോവയിൽ വൻ സംഘർഷം

മെക്സിക്കോ സിറ്റി: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പ്രമുഖ മയക്കുമരുന്ന് രാജാവിനെ പിടികൂടിയതായി മെക്സിക്കൻ സൈന്യം ശനിയാഴ്ച അറിയിച്ചു. ‘എൽ ചാപ്പോ ഇസിഡ്രോ’ (El Chapo Isidro) എന്നറിയപ്പെടുന്ന ഫൗസ്റ്റോ ഇസിഡ്രോ മെസ-ഫ്ലോറസ് ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റിന് പിന്നാലെ സിനലോവ സംസ്ഥാനത്ത് വൻതോതിൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത് സാധാരണക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

സിനലോവ കേന്ദ്രമായി പ്രവർത്തിക്കുന്ന, വൻതോതിൽ ആയുധശേഖരമുള്ള ‘മെസ-ഫ്ലോറസ് ട്രാൻസ്നാഷണൽ ക്രിമിനൽ ഓർഗനൈസേഷൻ’ എന്ന മയക്കുമരുന്ന് സംഘത്തിന്റെ തലവനാണ് മെസ-ഫ്ലോറസ് എന്ന് എഫ്.ബി.ഐ വ്യക്തമാക്കുന്നു. ഹെറോയിൻ, മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, ഫെന്റനൈൽ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകൾ അമേരിക്കയിലേക്ക് കടത്തുന്നതിലും വിതരണം ചെയ്യുന്നതിലും ഈ സംഘത്തിന് പ്രധാന പങ്കുണ്ട്. മെക്സിക്കോയിലുടനീളം മയക്കുമരുന്ന് ഉൽപ്പാദനവും കടത്തും നിയന്ത്രിച്ചിരുന്നതും ഇവരാണ്.

വെള്ളിയാഴ്ച രാത്രി സിനലോവയിൽ പ്രത്യേക സൈനിക വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് മെസ-ഫ്ലോറസും സംഘത്തിലെ മറ്റ് രണ്ട് പ്രധാന നേതാക്കളും പിടിയിലായതെന്ന് മെക്സിക്കൻ നാഷണൽ ഡിഫൻസ് സെക്രട്ടേറിയറ്റ് എക്സിലൂടെ (X) അറിയിച്ചു. അതീവ രഹസ്യമായി പ്രദേശത്തെത്തിയ സൈനികർ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന വീട് വളയുകയായിരുന്നു. ഇയാൾ രക്ഷപ്പെടാതിരിക്കാനും പുറത്തുനിന്നുള്ള സഹായം തടയാനും സൈന്യം പ്രദേശത്ത് കർശന സുരക്ഷാ വലയം തീർത്തു.

റെയ്ഡിനിടെ സൈനികർക്ക് നേരെ വെടിവെപ്പും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണവും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തുടർന്ന് വീടിനുള്ളിലേക്ക് ഇരച്ചുകയറിയ സൈന്യം മെസ-ഫ്ലോറസിനെയും മറ്റ് രണ്ട് പേരെയും കീഴ്പ്പെടുത്തുകയായിരുന്നു. മൂവരെയും പിന്നീട് മെക്സിക്കോ സിറ്റിയിലേക്ക് മാറ്റി കസ്റ്റഡിയിലെടുത്തു. മങ്ങിയ വെളിച്ചമുള്ള വീട്ടിലൂടെ ആയുധധാരികളായ സൈനികർ മെസ-ഫ്ലോറസിനെ നടത്തിക്കൊണ്ടുവന്ന് ട്രക്കിന്റെ പിൻഭാഗത്ത് കയറ്റുന്ന വീഡിയോ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide