യുക്രെയ്ൻ വംശജനായ അമേരിക്കൻ റാപ്പറെ വധിക്കാനുള്ള റഷ്യൻ ഗൂഢാലോചന പരാജയപ്പെടുത്തി ഡെന്മാർക്ക്; റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കും

കോപ്പൻഹേഗൻ: റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ ഡെന്മാർക്കിന്റെ മണ്ണിൽ നടപ്പാക്കാൻ ശ്രമിച്ച കൊലപാതക ഗൂഢാലോചന പരാജയപ്പെടുത്തിയതായി ഡാനിഷ് അധികൃതർ അറിയിച്ചു. യുക്രെയ്ൻ വംശജനായ അമേരിക്കൻ റാപ്പർ ‘കീവ്‌സ്റ്റോണറെ’ വധിക്കാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്. സെപ്റ്റംബർ അവസാനം കോപ്പൻഹേഗന് വടക്കുള്ള ഒരു സംഗീത നിശയിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് തൊട്ടുമുമ്പ്, ഡാനിഷ് അധോലോകവുമായി ബന്ധമുള്ള മൂന്ന് പേരെ പോലീസ് കാറിൽ നിന്ന് പിടികൂടിയതോടെയാണ് വൻ അപകടം ഒഴിവായത്.

പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിൽ തോക്കുകളും കത്തികളും കണ്ടെടുത്തതായി ഡാനിഷ് രഹസ്യാന്വേഷണ ഏജൻസിയായ പി.ഇ.ടി (PET) വ്യക്തമാക്കി. വധശ്രമത്തിനും, ഡെന്മാർക്കിൽ വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിനുമായി രണ്ട് പേർക്കെതിരെ വെള്ളിയാഴ്ച ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ‘ലോയൽ ടു ഫാമിലിയ’ (Loyal to Familia) എന്ന ഡാനിഷ് ക്രിമിനൽ സംഘത്തിന് ഈ കൊലപാതക ആസൂത്രണത്തിൽ പങ്കുണ്ടെന്നാണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും സംശയിക്കുന്നത്.

ഡെന്മാർക്കിൽ മുൻപൊരിക്കലും റഷ്യൻ വധശ്രമങ്ങൾ കണ്ടിട്ടില്ലെന്നും, റഷ്യ കൂടുതൽ ആക്രമണോത്സുകതയോടെയും അപകടകരമായ നീക്കങ്ങളോടെയുമാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവാണിതെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡെന്മാർക്കും യൂറോപ്പും നേരിടുന്ന ഗുരുതരമായ സുരക്ഷാ സാഹചര്യത്തിന്റെ വ്യക്തമായ ഉദാഹരണമാണിതെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ പ്രതികരിച്ചു. പ്രതിരോധത്തിലായ റഷ്യ കൂടുതൽ അപകടകരമായ നീക്കങ്ങൾ നടത്തുകയാണെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പ്രതിഷേധിച്ച് കോപ്പൻഹേഗനിലെ റഷ്യൻ ഡിഫൻസ് അറ്റാഷെയെ പുറത്താക്കുമെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ റഷ്യയുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അംഗീകരിക്കാനാവാത്ത ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകാനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഡെന്മാർക്കിന്റെ ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് കോപ്പൻഹേഗനിലെ റഷ്യൻ എംബസി പ്രതികരിച്ചു. ഈ ദുരൂഹമായ കുറ്റകൃത്യത്തിൽ റഷ്യയുടെ പങ്കിനെക്കുറിച്ച് യാതൊരു തെളിവും നൽകാനോ നിയമസഹായത്തിനായി അഭ്യർത്ഥിക്കാനോ ഡാനിഷ് അധികൃതർ തയ്യാറായിട്ടില്ലെന്ന് എംബസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഡെന്മാർക്കിന്റെ നടപടിക്ക് ഉചിതമായ മറുപടി നൽകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവയും മുന്നറിയിപ്പ് നൽകി.

സംഭവത്തെ ശക്തമായി അപലപിച്ച യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, റഷ്യയുടെ ഇത്തരം ‘ഹൈബ്രിഡ് ആക്രമണങ്ങളെ’ നേരിടുന്ന ഡെന്മാർക്കിനും മറ്റ് അംഗരാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. റഷ്യയുടെ ഭീഷണികൾ യുക്രെയ്‌നിനുള്ള പിന്തുണയിൽ നിന്ന് യൂറോപ്യൻ യൂണിയനെ പിന്നോട്ടടിപ്പിക്കില്ലെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന്റെ മണ്ണിൽ നടന്ന ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഡെന്മാർക്കിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും ശനിയാഴ്ച വ്യക്തമാക്കി.

More Stories from this section

family-dental
witywide