
മനാഗ്വ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷമായ ഭാഷയിൽ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി നിക്കരാഗ്വൻ പ്രസിഡൻ്റ് ഡാനിയൽ ഒർട്ടേഗ. ഇറാനെതിരായ സൈനിക നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപ് ‘മാനസിക അസ്ഥിരത’ നേരിടുകയാണെന്ന് ഒർട്ടേഗ ആരോപിച്ചു. മനാഗ്വയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കൻ പ്രസിഡൻ്റിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച ആക്രമണങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയെയും സമാധാനത്തെയും തകർത്തു. വിവേകമില്ലാത്ത ഒരാൾക്ക് മാത്രമേ ഇത്തരത്തിൽ യുദ്ധം നയിക്കാൻ കഴിയൂ എന്ന് ഒർട്ടേഗ പറഞ്ഞു.
ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച എഐ ചിത്രം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ചിത്രത്തിൽ യേശുക്രിസ്തുവിനെപ്പോലെ വേഷം ധരിച്ച് രോഗികളെ സുഖപ്പെടുത്തുന്ന ട്രംപിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. “എത്ര പേരെ അദ്ദേഹം സുഖപ്പെടുത്തി? ലോകത്തിന് മുന്നിൽ അദ്ദേഹം എത്ര പേരെ കൊന്നു എന്നതിന് മറുപടി പറയേണ്ടി വരും,” എന്ന് ഒർട്ടേഗ പരിഹസിച്ചു.
സ്വർണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് ഒർട്ടേഗയുടെ മക്കൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെയും അദ്ദേഹം വിമർശിച്ചു. അമേരിക്കയ്ക്ക് ഇനി ഉപരോധിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ദീർഘകാലമായി അമേരിക്കയുമായി ശത്രുതയിലുള്ള ഭരണകൂടമാണ് നിക്കരാഗ്വയുടേത്. ഒർട്ടേഗയുടേത് ഏകാധിപത്യ ഭരണമാണെന്നാണ് വാഷിംഗ്ടണിൻ്റെ നിലപാട്. എന്നാൽ പുതിയ യുദ്ധസാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻ്റിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് ശക്തി പകരുന്നതാണ് ഒർട്ടേഗയുടെ ഈ പ്രസ്താവന.
Nicaraguan President personally insults US President












