ലോകം വീണ്ടും ഭീതിയിൽ, ഹൂതി ആക്രമണത്തെ തുടർന്ന് ജീസാൻ എണ്ണ ശുദ്ധീകരണ ശാല അടച്ചുപൂട്ടി സൗദി അരാംകോ; എണ്ണ വിപണി ആശങ്കയിൽ

റിയാദ് / സനാ: യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രതിദിനം 4,00,000 ബാരൽ ഉൽപ്പാദന ശേഷിയുള്ള ജീസാനിലെ എണ്ണ ശുദ്ധീകരണ ശാല സൗദി അരാംകോ താത്കാലികമായി അടച്ചുപൂട്ടി. ജൂലൈ 27 തിങ്കളാഴ്ച മുതലാണ് റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ റിഫൈനറിയിലെ ‘ഗ്യാസിഫിക്കേഷൻ കംബൈൻഡ് സൈക്കിൾ’ സമുച്ചയത്തിനും എണ്ണ സംഭരണ ടാങ്കുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓഗസ്റ്റ് 15-ഓടെ റിഫൈനറിയുടെ പ്രവർത്തനം ഭാഗികമായി പുനരാരംഭിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സൗദിയിലെ ജീസാൻ, യാൻബു എന്നിവിടങ്ങളിലെ സൗദി അരാംകോ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വിജയകരമായി ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ജീസാൻ റിഫൈനറിയിൽ നിന്ന് വൻതോതിൽ പുകയുയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതും തന്ത്രപ്രധാന എണ്ണകേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നതും ആഗോള ഊർജ്ജ വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.