
ബീജിംഗ്: ഇരുരാജ്യങ്ങളും പരസ്പരമുള്ള സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെ, അമേരിക്കയിൽ ഒട്ടും വിശ്വാസമില്ലെന്ന് തുറന്നടിച്ച് ഇറാൻ. ചൈനയിലെ ഇറാനിയൻ സ്ഥാനപതി അബ്‍ദുൾ റെസ റഹ്മാനി ഫസ്ലിയാണ് അമേരിക്കയുടെ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ബീജിംഗിലെ ഇറാൻ എംബസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇറാൻ തിരിച്ചടിക്കുന്നതെന്ന് അബ്‍ദുൾ റെസ വ്യക്തമാക്കി. തങ്ങൾക്ക് എപ്പോഴും സ്വന്തം രാജ്യത്തെ പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യത്തോടൊപ്പം തന്നെ നയതന്ത്ര ചർച്ചകൾക്ക് ഇരിക്കാനും താല്പര്യമുണ്ട്. എന്നാൽ ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ അമേരിക്ക വീഴ്ചവരുത്തുകയും വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്ത പശ്ചാത്തലത്തിൽ, അമേരിക്കൻ ഭരണകൂടത്തിൽ വിശ്വാസമർപ്പിക്കാൻ ഇറാന് സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. മേഖലയിലെ സമാധാന ചർച്ചകളിൽ നിർണ്ണായക പങ്കുവഹിക്കാനും മുൻകൈയെടുക്കാനും ചൈനയ്ക്ക് സാധിക്കുമെന്നും ഇറാനിയൻ സ്ഥാനപതി വ്യക്തമാക്കി. ചൈനയുടെ ഇടപെടൽ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് ഇറാൻ.















