ഫോൺ വിളികൾക്ക് മറുപടിയില്ല, കത്ത് തുറക്കുക പോലും ചെയ്യാതെ തിരികെകൊടുത്തു, ട്രംപിനോട് മിണ്ടാൻ കൂട്ടാക്കാതെ കിം ജോങ് ഉൻ

വാഷിംഗ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള സൗഹൃദം പുതുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രംപ് നടത്തിയ ഫോൺ വിളികൾക്ക് മറുപടി ലഭിച്ചില്ലെന്നും, അദ്ദേഹം അയച്ച കത്ത് ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ സ്വീകരിക്കാതെ വലിച്ചെറിഞ്ഞെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

ഔദ്യോഗിക ഫോൺ ലൈനുകളിലൂടെയും മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെയും ട്രംപ് പലതവണ കിമ്മിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് ട്രംപ് നേരിട്ടെഴുതിയ കത്ത് മാൻഹട്ടനിലെ യുഎൻ ഓഫീസിന് പുറത്തുവെച്ച് ഒരു ഉത്തരകൊറിയൻ നയതന്ത്രജ്ഞന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ കൈമാറിയിരുന്നു. എന്നാൽ, പിന്നീട് നടന്ന ഒരു യുഎൻ യോഗത്തിൽ വെച്ച് തുറക്കുക പോലും ചെയ്യാത്ത ആ കത്ത് നയതന്ത്രജ്ഞൻ യുഎസ് പ്രതിനിധിക്ക് മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആണവനിരായുധീകരണം മുൻനിർത്തി ഇരുവരും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ജൂണിലായിരുന്നു അവസാന കൂടിക്കാഴ്ച. എന്നാൽ, 2025-ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം കിം അകലം പാലിക്കുകയാണ്. ഈ ആഴ്ചത്തെ ഏഷ്യൻ പര്യടനത്തിനിടെ അപെക് ഉച്ചകോടിയിൽ കിമ്മിനെ കണ്ടേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. തിരക്കേറിയ മറ്റ് പരിപാടികൾ കാരണമാണ് അത് നടക്കാതെ പോയതെന്നും ഭാവിയിൽ കൂടിക്കാഴ്ചയുണ്ടാകുമെന്നും ട്രംപ് പ്രതികരിച്ചു.

അതേസമയം, 2019-ന് ശേഷം ഉത്തരകൊറിയ തങ്ങളുടെ ആണവശേഖരം 20-30 പോർമുനകളിൽ നിന്ന് 60 ആയി ഉയർത്തിയതായും അമേരിക്കയിൽ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആയുധപദ്ധതികൾ ഉപേക്ഷിക്കാൻ കിമ്മിന് ഉദ്ദേശ്യമില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗവും വ്യക്തമാക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള സൈനിക സഹകരണം ഉത്തരകൊറിയ ശക്തമാക്കിയതും അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്.

No response to Trump’s phone calls; North Korea discards letter without even opening it.

More Stories from this section

family-dental
witywide