നോർത്ത് കരോലിനയും പിടിച്ചു; യുഎസ് ജനപ്രതിനിധി സഭയിൽ 34 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷവുമായി ഡെമോക്രാറ്റുകൾ

വാഷിംഗ്ടൺ: നോർത്ത് കരോലിനയിൽ റിപ്പബ്ലിക്കൻ പ്രതിനിധി വിർജീനിയ ഫോക്സിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാർത്ഥി ചക്ക് ഹബ്ബാർഡ് വിജയിച്ചതോടെ, യുഎസ് ജനപ്രതിനിധി സഭയിൽ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്) 1992-ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷം ഡെമോക്രാറ്റിക് പാർട്ടി സ്വന്തമാക്കി. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 330 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് ഹബ്ബാർഡിന്റെ വിജയം. ഡെമോക്രാറ്റുകൾ സെനറ്റും പിടിച്ചെടുത്ത ഈ ഇടക്കാല തിരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്.

ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ഇതുവരെ കുറഞ്ഞത് 258 ഹൗസ് സീറ്റുകൾ നേടിക്കഴിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്ക് 173 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. നാല് മണ്ഡലങ്ങളിലെ ഫലം ഇനിയും പുറത്തുവരാനുണ്ട്. 1992-ൽ ബിൽ ക്ലിന്റൺ പ്രസിഡന്റായ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 258 സീറ്റുകൾ നേടിയതിന് ശേഷം, ഒരു പാർട്ടിയും ഇത്രയധികം ഹൗസ് സീറ്റുകൾ സ്വന്തമാക്കിയിട്ടില്ല.

2005 മുതൽ നോർത്ത് കരോലിനയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന വിർജീനിയ ഫോക്സ്, ഭൂരിപക്ഷം ഒരു ശതമാനത്തിൽ താഴെയായതിനാൽ വീണ്ടും വോട്ടെണ്ണണമെന്ന് (റീകൗണ്ടിംഗ്) ആവശ്യപ്പെട്ടിരുന്നു. എന്നാൽ റീകൗണ്ടിംഗിലും ഹബ്ബാർഡ് വിജയം ഉറപ്പിച്ചതോടെ ഞായറാഴ്ച ഫോക്സ് പരാജയം സമ്മതിച്ചു.

“പ്രായോഗിക പരിഹാരങ്ങളിലും യാഥാസ്ഥിതിക മൂല്യങ്ങളിലും ഊന്നിയുള്ള പ്രചാരണത്തിന് ശേഷം, ഇത്രയധികം നോർത്ത് കരോളിന വോട്ടർമാർ പിന്തുണച്ചതിൽ ഞാൻ നന്ദിയുള്ളവളാണ്; ഏതാനും വോട്ടുകൾക്ക് പിന്നിലായിപ്പോയെങ്കിലും” – ഫോക്സ് പ്രസ്താവനയിൽ പറഞ്ഞു. റീകൗണ്ടിംഗിന് ശേഷം മാന്യമായി പരാജയം സമ്മതിച്ച ഫോക്സുമായി സംസാരിച്ചതായും, നോർത്ത് കരോളിനയിലെയും അഞ്ചാം ഡിസ്ട്രിക്റ്റിലെയും ജനങ്ങളോടുള്ള സ്നേഹം ഇരുവർക്കും ഒരുപോലെയാണെന്നും ഹബ്ബാർഡ് എക്സിൽ കുറിച്ചു.

2024-ലെ തിരഞ്ഞെടുപ്പിൽ ഫോക്സിനോട് ഒൻപത് ശതമാനം വോട്ടുകൾക്ക് പരാജയപ്പെട്ട ഹബ്ബാർഡിന്റെ ഈ തിരിച്ചുവരവ്, റിപ്പബ്ലിക്കൻ കോട്ടകളായ സൗത്ത് കരോലിന, ടെക്സസ്, അലാസ്ക, അയോവ എന്നിവിടങ്ങളിലെ ഡെമോക്രാറ്റിക് വിജയങ്ങൾക്ക് പിന്നാലെയാണ്.

ഇറാനുമായുള്ള യുദ്ധസമയത്ത് യുഎസിലുണ്ടായ രൂക്ഷമായ ജീവിതച്ചെലവ് വർദ്ധനവാണ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായത്. ഇറാൻ യുദ്ധം മൂലമുണ്ടായ പണപ്പെരുപ്പമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് കാരണമായതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സൂചിപ്പിച്ചിരുന്നു. സാധാരണ കുടുംബങ്ങൾ, ചെറുകിട ബിസിനസുകൾ, പൊതുവിദ്യാഭ്യാസം, താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ എന്നിവയ്ക്കായിരിക്കും തന്റെ മുൻഗണനയെന്ന് ഹബ്ബാർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ടെന്നസി, മിനസോട്ട എന്നിവിടങ്ങളിലെ സീറ്റുകളിലാണ് ഇനി ഫലം പ്രഖ്യാപിക്കാനുള്ളത്. ലൂസിയാനയിലെ രണ്ട് സീറ്റുകളിലേക്ക് ഡിസംബറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. ടെന്നസിയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി വിക്ടോറിയ ബ്രോഡറിക്ക് 300-ൽ താഴെ വോട്ടുകൾക്കും, മിനസോട്ടയിൽ ജേക്ക് ജോൺസൺ 500-ൽ താഴെ വോട്ടുകൾക്കും മുന്നിലാണ്.

കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റിന്റെയും അടുപ്പക്കാരുടെയും നടപടികൾ അന്വേഷിക്കാനും, കാബിനറ്റ്-ജുഡീഷ്യൽ നിയമനങ്ങൾ തടയാനും ഡെമോക്രാറ്റുകൾക്ക് സാധിക്കും. എങ്കിലും, കോൺഗ്രസ് പാസാക്കുന്ന നിയമങ്ങൾ വീറ്റോ ചെയ്യാൻ പ്രസിഡന്റ് ട്രംപിന് അധികാരമുള്ളതിനാൽ ഡെമോക്രാറ്റുകളുടെ നീക്കങ്ങൾക്ക് പരിമിതികളുണ്ടാകും.

North Carolina also secured; Democrats achieve their largest majority in the US House of Representatives in 34 years.

Also Read

More Stories from this section

family-dental
witywide