ഇന്ത്യയെ ലക്ഷ്യമിട്ടുള്ള വിസ നിയമങ്ങളില്ല’; H-1B പ്രതിസന്ധിയിൽ വിശദീകരണവുമായി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് പ്രത്യേക വിസ നിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്ന് അമേരിക്ക. H-1B വിസ പുതുക്കലിൽ നേരിടുന്ന പ്രതിസന്ധിയും കാലതാമസവും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വിശദീകരണം. ന്യൂയോർക്ക് ഫോറിൻ പ്രസ്സ് സെന്റർ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട്, പുതിയ നിയമങ്ങൾ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വ്യക്തമാക്കി. “ഇന്ത്യയെ മാത്രം ബാധിക്കുന്ന വിസ നിയമങ്ങളൊന്നുമില്ല. എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ബാധകമായ ആഗോള വിസ നിയമങ്ങളാണ് ഇപ്പോൾ വ്യക്തമായ നിർദേശങ്ങളോടെ നടപ്പാക്കുന്നത്,” എന്ന് അദ്ദേഹം പറഞ്ഞു.

മുൻ ഭരണകൂടങ്ങളുടെ കാലത്ത് വിസ നിയമങ്ങൾ ഏകീകൃതമായി നടപ്പാക്കിയിരുന്നില്ലെന്നും നിലവിൽ എല്ലാവർക്കും ഒരേ മാനദണ്ഡമാണ് ബാധകമാകുന്നതെന്നും പിഗോട്ട് വ്യക്തമാക്കി. ഇത് കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കുമെന്നും വ്യാപാരം, നിക്ഷേപം, തൊഴിൽ ആവശ്യങ്ങൾ എന്നിവയ്ക്കായി അമേരിക്കയിലേക്ക് വരുന്നവരുടെ പ്രവേശനം സർക്കാർ തുടർന്നും സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ അമേരിക്കൻ പൗരന്മാർക്കും അർഹമായ അവസരങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ഏത് രാജ്യവും സ്വന്തം പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ അമേരിക്കയും അതുതന്നെയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്നതിനൊപ്പം അമേരിക്കക്കാർക്കും അവസരങ്ങൾ ഉറപ്പാക്കും,” എന്നും പിഗോട്ട് കൂട്ടിച്ചേർത്തു. H-1B വിസ പുതുക്കൽ നടപടികളിലെ കാലതാമസം ഇന്ത്യൻ ഐടി മേഖലയുൾപ്പെടെ നിരവധി പ്രൊഫഷണലുകളെ ബാധിച്ച സാഹചര്യത്തിലാണ് അമേരിക്കയുടെ വിശദീകരണം.

അമേരിക്കയിൽ ഏറ്റവും കൂടുതൽ H-1B വിസ ഉടമകളുള്ളത് ഇന്ത്യക്കാരായതിനാൽ വിസ ചട്ടങ്ങളിലെ മാറ്റങ്ങൾ ആദ്യം ബാധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2025 ഡിസംബറിൽ നടപ്പാക്കിയ സോഷ്യൽ മീഡിയ പരിശോധന ഉൾപ്പെടെയുള്ള പുതിയ നടപടികൾ വിസ പുതുക്കൽ പ്രക്രിയയിൽ വലിയ കാലതാമസത്തിന് ഇടയാക്കിയിരുന്നു. വിസ സ്റ്റാമ്പിങ് സ്വന്തം രാജ്യത്ത് നിർബന്ധമാക്കിയതും എല്ലാ വിസ പുതുക്കലുകൾക്കും സോഷ്യൽ മീഡിയ പരിശോധന ഏർപ്പെടുത്തിയതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ വിസ പുതുക്കാനായി ഇന്ത്യയിലെത്തിയ ആയിരക്കണക്കിന് H-1B വിസ ഉടമകൾക്ക് മാസങ്ങളോളം അഭിമുഖ തീയതികൾ ലഭിക്കാതെ നാട്ടിൽ കുടുങ്ങേണ്ട സാഹചര്യവുമുണ്ടായി.

‘No visa laws that target India’: What US official recently said on H-1B woes

More Stories from this section

family-dental
witywide