
വാഷിംഗ്ടൺ: രാജ്യത്ത് അനധികൃതമായി കഴിയുന്ന കുടിയേറ്റക്കാർക്ക് യാതൊരുവിധ പൊതുമാപ്പും നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ നയങ്ങളിൽ ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന തരത്തിലുള്ള സൂചനകൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് കർശനമാക്കി രംഗത്തെത്തിയത്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് അനധികൃതമായി കഴിയുന്നവർ നിയമം ലംഘിച്ചാണ് എത്തിയതെന്നും അതിനാൽ അവർക്ക് പൊതുമാപ്പ് നൽകുന്ന പ്രശ്നമില്ലെന്നും ട്രംപ് ആവർത്തിച്ചു. കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട തന്റെ നയങ്ങളിൽ മാറ്റമില്ലെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള കുറ്റവാളികളെയും രാജ്യത്തിന് ഭീഷണിയായവരെയും കണ്ടെത്താനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്വേൻ മുള്ളിനും സമാനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകൾ ചർച്ചകൾക്കായി ബന്ധപ്പെടുന്നുണ്ടെങ്കിലും പൊതുമാപ്പ് ഉൾപ്പെടുന്ന ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, അമേരിക്കൻ വിസ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വ്യാജ സ്റ്റാഫിംഗ് കമ്പനികൾ, കള്ളരേഖകൾ, വ്യാജ വിദ്യാർത്ഥി രേഖകൾ എന്നിവ ഉപയോഗിച്ച് വിസ സംവിധാനത്തെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ കൂടുതലായി ആശ്രയിക്കുന്ന തൊഴിൽ, പഠന വിസകളിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പരിശോധന നടത്തുന്നത്.
പ്രസിഡന്റ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും നേതൃത്വത്തിൽ ഇത്തരം തട്ടിപ്പ് രീതികൾ പുറത്തുകൊണ്ടുവരികയും വ്യാജമായി നൽകിയ 300,000-ത്തിലധികം വിസകൾ റദ്ദാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതുസുരക്ഷാ പ്രശ്നങ്ങൾ, കുടിയേറ്റ നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാണിച്ചാണ് നടപടി. കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള വ്യാജ സ്റ്റാഫിംഗ് ഏജൻസികളുടെ തട്ടിപ്പുകളും, വ്യാജ അക്കാദമിക് രേഖകൾ ഉപയോഗിച്ച് എക്സ്ചേഞ്ച് പ്രോഗ്രാമുകളിലേക്ക് ആളുകളെ കടത്തിയ റാക്കറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി കുടിയേറ്റ-വിസ നിയമങ്ങളുടെ കർശനമായ പരിശോധനകൾ തുടരുമെന്ന് ഭരണകൂടം വ്യക്തമാക്കി.













