ട്രംപിന് വിശ്വാസം, പക്ഷേ..! ചൈനീസ് ചാര വനിതയുമായി ബന്ധം; എൻവിഡിയ സിഇഒ സ്ഥാനമൊഴിയണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ കെവിൻ ക്രൈമർ

വാഷിംഗ്ടൺ: ചൈനീസ് ചാരയാണെന്ന് സംശയിക്കപ്പെടുന്ന ഒരു വനിതയുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് സ്ഥാനമൊഴിയണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർ കെവിൻ ക്രൈമർ ആവശ്യപ്പെട്ടു. സെനറ്റ് ബാങ്കിംഗ് കമ്മിറ്റി അംഗമായ കെവിൻ ക്രൈമർ ചൊവ്വാഴ്ച വൈകിട്ട് ‘പൊളിറ്റിക്കോ’യോട് സംസാരിക്കുമ്പോഴാണ് ഈ ശക്തമായ ആവശ്യം ഉന്നയിച്ചത്.

എൻവിഡിയയുടെ നിർണായകമായ ചിപ്പുകൾ പോലുള്ള അതീവ രഹസ്യസ്വഭാവമുള്ള വിഷയങ്ങളിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ വലിയ തോതിൽ ബ്ലാക്ക്മെയിലിംഗിന് കാരണമായേക്കാമെന്നും, അതുകൊണ്ടുതന്നെ അദ്ദേഹം സ്ഥാനത്തുനിന്ന് മാറണമെന്നുമാണ് ക്രൈമർ വ്യക്തമാക്കിയത്. ഹുവാങ് ചെയ്ത ഏറ്റവും വലിയ തെറ്റ് ചൈനീസ് ചാരയാണെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുമായുള്ള അവിഹിത ബന്ധമാണെങ്കിൽ പോലും, അത് രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് യുഎസ് സുരക്ഷാ ഏജൻസികൾ സംശയിക്കുന്ന ബിസിനസുകാരിയുമായി ഹുവാങ്ങിന് ബന്ധമുണ്ടെന്ന ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ടിനെ തുടർന്ന് എൻവിഡിയ ബോർഡ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ എഫ്ബിഐയും വിഷയം അന്വേഷിച്ചുവരികയാണെന്ന് തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ദേശീയ സുരക്ഷയ്ക്കോ കമ്പനിയുടെ രഹസ്യങ്ങൾക്കോ യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നും, ആഭ്യന്തര അന്വേഷണവുമായി ഹുവാങ് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും എൻവിഡിയ വ്യക്തമാക്കി. താൻ ഭാര്യയോട് നീതി പുലർത്തിയിട്ടില്ലെന്ന് ഹുവാങ് ജീവനക്കാരോട് സമ്മതിച്ചിട്ടുണ്ടെങ്കിലും ബന്ധത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിലിക്കൺ വാലിയിലെ ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ജെൻസൻ ഹുവാങ്. ചൈനീസ് വിപണിയിലേക്ക് നൂതന ചിപ്പുകൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ട്രംപ് ഭരണകൂടത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. അതേസമയം, ആ സ്ത്രീ ഒരു ചാരയാണെന്ന് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് ഹുവാങ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്നും ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide