
വാഷിംഗ്ടൺ: കഴിഞ്ഞ ഒരു വർഷത്തിനിടെ നാഷണൽ സെക്യൂരിറ്റി ഏജൻസിയിലെയും യുഎസ് സൈബർ കമാൻഡിലെയും കുറഞ്ഞത് 11 ജീവനക്കാർ ജീവനൊടുക്കിയതായി ഔദ്യോഗിക വിവരങ്ങളും പൊതു രേഖകളും വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ പ്രവർത്തനങ്ങളിലും സൈബർ രംഗത്തും പ്രവർത്തിക്കുന്ന പ്രധാന ഏജൻസികളിൽ ഇത്രയധികം ജീവനക്കാർ ആത്മഹത്യ ചെയ്തത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് വൈറ്റ് ഹൗസും കോൺഗ്രസ് ഉദ്യോഗസ്ഥരും ഏജൻസി മേധാവികളോട് വിശദീകരണം തേടിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുടെയും ഗവൺമെന്റ് ഹാക്കർമാരുടെയും ജോലിഭാരം കുത്തനെ ഉയർന്നിരുന്നു. കടുത്ത ജോലി സമയവും മാനസിക സമ്മർദ്ദവും നിയന്ത്രിക്കുന്നതിനും കൂടുതൽ മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സൈനിക മേധാവികൾ സ്വീകരിച്ചുവരികയാണെങ്കിലും ആത്മഹത്യകൾ തുടരുകയാണ്. മേരിലാൻഡിലെ ഫോർട്ട് മീഡിലാണ് ഈ രണ്ട് ഏജൻസികളുടെയും ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ജൂൺ ആദ്യം മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം എൻ.എസ്.എയിലോ സൈബർ കമാൻഡിലോ ജോലി ചെയ്തിരുന്ന അഞ്ച് പേർ ജീവനൊടുക്കിയിരുന്നു. സൈനിക മേഖലയിൽ ഇത് ഒരു ‘സുസൈഡ് ക്ലസ്റ്റർ’ ആയിട്ടാണ് വിലയിരുത്തപ്പെട്ടത്. തുടർന്ന് സെപ്റ്റംബറിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സൈനിക ഉദ്യോഗസ്ഥർ, സിവിലിയന്മാർ, കരാർ ജീവനക്കാർ എന്നിവരാണ് ഇത്തരത്തിൽ ജീവനൊടുക്കിയവരിൽ ഉൾപ്പെടുന്നത്.
സൈബർ രംഗത്തെ പ്രവർത്തനങ്ങൾ ശാരീരികമായി മുന്നണി പോരാട്ടങ്ങളിൽ നിന്ന് അകലാണെങ്കിലും, ബൗദ്ധികമായും വൈകാരികമായും അത് ജീവനക്കാരിൽ വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് എൻ.എസ്.എയുടെയും സി.ഐ.എയുടെയും മുൻ ഉദ്യോഗസ്ഥനായ ഹാരി കോക്കർ ജൂനിയർ വ്യക്തമാക്കി. ജീവനക്കാരുടെ മാനസിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി നിയമനിർമ്മാതാക്കളും സൈനിക നേതൃത്വവും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്.













