
വാഷിംഗ്ടൺ: ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങളും കർശന നടപടികളും നടപ്പിലാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റിന് നേരെ വധഭീഷണിയുള്ളതായി റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളെ തുടർന്ന് അദ്ദേഹം തന്റെ ഔദ്യോഗിക വസതിയിൽ നിന്നും മാറി ഒരു യുഎസ് സൈനിക താവളത്തിലേക്ക് താമസം മാറ്റി. ‘ന്യൂയോർക്ക് ടൈംസ്’, ‘ഫോക്സ് ന്യൂസ്’ തുടങ്ങിയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെത്തുടർന്ന് സ്കോട്ട് ബെസ്സെന്റും കുടുംബവും സുരക്ഷിത താവളത്തിലേക്ക് മാറിയതായി ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ ഭീഷണികൾക്ക് മുന്നിൽ ഒരിക്കലും വഴിപ്പെടില്ലെന്നും, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുമെന്നും ട്രഷറി വക്താവ് വ്യക്തമാക്കി.
അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളും ഗൂഢാലോചനകളും കൂടുതൽ സങ്കീർണ്ണമായ ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. ഇതേതുടർന്ന് ട്രംപ് ഭരണകൂടത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും മുൻകരുതൽ എന്ന നിലയിൽ സുരക്ഷിതമായ സൈനിക താവളങ്ങളിലേക്കും മറ്റ് രഹസ്യ കേന്ദ്രങ്ങളിലേക്കും താമസം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.










