
ലോസ് ഏഞ്ചൽസ്: ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ സ്ക്രീൻ ടൈം (ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം) നിയന്ത്രിക്കാൻ തീരുമാനമെടുക്കുന്ന അമേരിക്കയിലെ ആദ്യത്തെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റായി ലോസ് ഏഞ്ചൽസ് മാറി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും പഠനനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ ബോർഡ് ഈ ചരിത്രപരമായ പ്രമേയം പാസാക്കിയത്.
ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾ ക്ലാസ് മുറികളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. സ്കൂളുകളിൽ നിന്ന് നൽകുന്ന ലാപ്‌ടോപ്പുകളിലും ടാബ്‌ലെറ്റുകളിലും യൂട്യൂബ് ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇനിമുതൽ ലഭ്യമാകില്ല.
ഓരോ ഗ്രേഡിലുമുള്ള കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിലുള്ള സ്ക്രീൻ ടൈം പോളിസികൾ വികസിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡിജിറ്റൽ ഉപകരണങ്ങൾ വഴി പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികളെ അതിൽ നിന്നും ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് അനുമതി നൽകുന്ന ‘ഒപ്റ്റ് ഔട്ട്’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് പഠനം പൂർണ്ണമായും ഓൺലൈൻ ആയതോടെയാണ് സ്കൂളുകളിൽ ലാപ്ടോപ്പുകളും ടാബ്‌ലെറ്റുകളും അനിവാര്യമായത്. എന്നാൽ കാലം മാറിയ സാഹചര്യത്തിൽ ഈ അമിത ഡിജിറ്റൽ സ്വാധീനം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ബോർഡ് വിലയിരുത്തി. 8 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ അമിത സ്ക്രീൻ ഉപയോഗം അമിതവണ്ണം, വിഷാദം, പഠനവൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകൾ ബോർഡ് ചൂണ്ടിക്കാട്ടി.
“ഇത് സാങ്കേതികവിദ്യയിൽ പിന്നോട്ട് പോകലല്ല, മറിച്ച് കുട്ടികളുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ഡിജിറ്റൽ സൗകര്യങ്ങളെ പുനർക്രമീകരിക്കലാണ്,” എന്ന് ബോർഡ് അംഗം നിക്ക് മെൽവോയിൻ പറഞ്ഞു.
അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്കൂൾ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ലോസ് ഏഞ്ചൽസ് ഈ പുതിയ പരിഷ്കാരം കൂടി കൊണ്ടുവരുന്നത്.
No YouTube, no excessive screen time; Los Angeles model to curb screen use in schools















