ന്യൂയോർക്ക്: യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന ഇറാൻ ഉദ്യോഗസ്ഥർ ആഡംബര ഷോപ്പിങ് നടത്തരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ‘ഞങ്ങളുടെ നിരീക്ഷണത്തിൽ ഇത് അനുവദിക്കില്ല’ എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രതിനിധി സംഘത്തിന് അമേരിക്ക വിസ അനുവദിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഇറാൻ ജനതയുടെ ദുരിതത്തിൽനിന്നുള്ള പണം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ ന്യൂയോർക്കിൽ ആഡംബര ഷോപ്പിങ് നടത്താൻ ശ്രമിക്കുന്നതെന്ന് പിഗോട്ട് ആരോപിച്ചു. “സാധാരണ ഇറാനികൾ കടുത്ത അടിച്ചമർത്തലും വെള്ളത്തിന്റെയും വൈദ്യുതിയുടെയും ക്ഷാമവും വിലക്കയറ്റവും നേരിടുമ്പോൾ ഭരണകൂട ഉദ്യോഗസ്ഥർ ന്യൂയോർക്കിൽ ഷോപ്പിങ് നടത്താൻ ശ്രമിക്കുകയാണ്. ഇറാൻ ഭരണകൂടത്തിലെ ഉന്നതർ യുഎൻ പൊതുസഭാ സമ്മേളനത്തെ ആഡംബര ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത് അനുവദിക്കില്ല,” പിഗോട്ട് എക്‌സിൽ കുറിച്ചു.
ഇറാൻ പ്രതിനിധികൾക്കും സന്ദർശക ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും അമേരിക്കയിൽ ഹോൾസെയിൽ ക്ലബ് അംഗത്വവും ആഡംബര വസ്തുക്കളും വാങ്ങുന്നതിന് വിലക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങളിൽ പങ്കാളികളാകാതിരിക്കാൻ ന്യൂയോർക്ക് മേഖലയിലെ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎൻ പൊതുസഭയുടെ 81-ാമത് ഉന്നതതല സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ച് സെപ്റ്റംബർ 28 വരെ നടക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇറാൻ പ്രതിനിധി സംഘത്തിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിസ അനുവദിച്ചതായി അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎൻ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് വിസ അനുവദിക്കണമെന്ന ആതിഥേയ രാജ്യത്തിന്റെ ബാധ്യത അനുസരിച്ചാണ് അനുമതി നൽകിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. എന്നാൽ പ്രതിനിധികൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ള ചില സാധനങ്ങൾ വാങ്ങുന്നതിന് വിലക്കുണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയും പ്രതിനിധി സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ സംഘമായിരിക്കും ഇത്തവണ ഇറാന്റേതെന്നും യുഎസ് അധികൃതർ വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇറാൻ പ്രതിനിധികൾക്ക് വിസ അനുവദിച്ചത്. തന്ത്രപ്രധാനമായ കടൽപാത വീണ്ടും തുറക്കുന്നതിനും തുടർന്ന് സമാധാന കരാറിലേക്ക് നീങ്ങുന്നതിനും ലക്ഷ്യമിട്ട് ജൂണിൽ ധാരണയിലെത്തിയിരുന്നെങ്കിലും സംഘർഷം തുടരുകയാണ്. വാഷിങ്ടണുമായി കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. ഏത് കരാറും അമേരിക്കയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
അടുത്തയാഴ്ച ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അമേരിക്കയുടെ പുതിയ മുന്നറിയിപ്പ്.
‘Not on our watch’: US warns Iran elite against ‘luxury shopping’ during UNGA













