നിയമപോരാട്ടങ്ങൾക്കിടയിലും H-1B ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: H-1B വിസയ്ക്ക് ഏർപ്പെടുത്തിയ 1 ലക്ഷം ഡോളർ ഫീസ് ഒരു വർഷത്തേക്ക് കൂടി നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2027 സെപ്റ്റംബർ വരെ ഫീസ് തുടരും. നിലവിലെ ഫീസ് സെപ്റ്റംബർ 21ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. H-1B വിസ അപേക്ഷകൾ പരിഗണിക്കുമ്പോൾ അമേരിക്കൻ തൊഴിലാളികളെ അടുത്തിടെ പിരിച്ചുവിട്ടതോ പിരിച്ചുവിടാൻ പദ്ധതിയിടുന്നതോ ആയ കമ്പനികളുടെ വിവരങ്ങൾ കൂടി കണക്കിലെടുക്കണമെന്ന് ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.

H-1B വിസ പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനങ്ങളെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിൽ ജോലി ചെയ്യാനും കുടിയേറാനും ഇന്ത്യൻ പ്രൊഫഷണലുകൾ വ്യാപകമായി ആശ്രയിക്കുന്ന വിസയാണ് H-1B. 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയതിന് പിന്നാലെ H-1B വിസയുടെ ഉപയോഗത്തിൽ വലിയ കുറവുണ്ടായതായി ട്രംപ് ഭരണകൂടം അവകാശപ്പെട്ടു. 2025ലെ പ്രഖ്യാപനം പ്രാബല്യത്തിൽ വന്നതിനു ശേഷം ഏറ്റവും വലിയ ഐ.ടി. ഔട്ട്‌സോഴ്സിങ് കമ്പനികളുടെ H-1B രജിസ്ട്രേഷനുകളിൽ 92 ശതമാനം കുറവുണ്ടായെന്നാണ് വൈറ്റ് ഹൗസിന്റെ കണക്ക്.

അതേസമയം, ഫീസ് നീട്ടിയ തീരുമാനം പ്രായോഗികമായി എത്രത്തോളം ബാധകമാകുമെന്നത് വ്യക്തമല്ല. ഫീസ് നടപ്പാക്കുന്നതിനുള്ള സർക്കാർ മാർഗനിർദേശം ഈ വർഷം ജൂണിൽ യുഎസ് ജില്ലാ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. അപ്പീൽ നടപടികൾ തുടരുന്നതിനിടെ ഫീസ് ഈടാക്കുന്നതിന് സർക്കാരിന് നിയന്ത്രണമുണ്ട്. H-1B വിസ പദ്ധതിയുടെ ദുരുപയോഗം അമേരിക്കൻ തൊഴിലാളികളുടെ വേതനത്തിൽ സമ്മർദം സൃഷ്ടിക്കുകയും ജോലികൾ വിദേശത്തേക്ക് മാറ്റുന്നതിന് കാരണമാവുകയും ചെയ്തുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

ടെക്‌നോളജി മേഖലയിലെ വിദ്യാർഥികളെയും പ്രൊഫഷണലുകളെയും ഇത് പ്രത്യേകമായി ബാധിക്കുന്നതായും ഭരണകൂടം പറയുന്നു. അതേസമയം, H-1B വിസ ലോട്ടറി സംവിധാനം മാറ്റി ശമ്പളനിലവാരത്തെ അടിസ്ഥാനമാക്കിയുള്ള വെയ്റ്റഡ് സംവിധാനം കൊണ്ടുവരാനുള്ള നിയമം 2025 ഡിസംബറിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ H-1B രജിസ്ട്രേഷനുകളിൽ ഏകദേശം 40 ശതമാനം കുറവുണ്ടായി.

ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം H-1B വിസയ്ക്ക് 1,03,265 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള പുതിയ നിർദേശവും മുന്നോട്ടുവച്ചിരുന്നു. അമേരിക്കയ്ക്കുള്ളിൽ നിന്ന് അപേക്ഷിക്കുന്നവരെയും ബാധിക്കുന്നതാണ് നിർദേശം. ഇതോടെ യുഎസിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്കും ആദ്യമായി H-1B വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Trump extends $100,000 H-1B fee for another year despite ongoing legal battle

More Stories from this section

family-dental
witywide