‘കെമിക്കൽ എംബാംമിംഗ് ഇല്ല, ശീതീകരണ സംവിധാനം മാത്രം’: ഫെബ്രുവരി 28 മുതൽ അലി ഖമനേയിയുടെ മൃതദേഹം ഇറാൻ സംരക്ഷിച്ചത് എങ്ങനെ?

അമേരിക്ക–ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തിന് ഇന്ന് 125 ദിവസം പിന്നിട്ടിരിക്കുകയാണ്. നൂറിലേറെ ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിച്ചത്. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും വിവിധ നഗരങ്ങളിലായി നടക്കുന്ന ചടങ്ങുകൾക്ക് ശേഷം ജൂലൈ 9-ന് മഷ്ഹദിൽ ഖമേനിയെ ഖബറടക്കാനാണ് തീരുമാനം.

കഴിഞ്ഞ മാസം ഒപ്പുവെച്ച ഇടക്കാല സമാധാനകരാറോടെയാണ് അവസാനിച്ച ഇറാൻ–അമേരിക്ക യുദ്ധത്തെ തുടർന്നുണ്ടായ സുരക്ഷാ ആശങ്കകളാണ് ഖമേനിയുടെ അന്ത്യകർമങ്ങൾ പലതവണ മാറ്റിവെക്കാൻ പ്രധാന കാരണമായത്. സംസ്കാരം നീണ്ടുപോയതോടെ രണ്ട് പ്രധാന ചോദ്യങ്ങളാണ് ഉയർന്നത്. സംസ്കാരം വൈകാൻ കാരണം എന്ത്? നാല് മാസത്തിലേറെക്കാലം ഖമേനിയുടെ മൃതദേഹം എങ്ങനെ സംരക്ഷിച്ചു?.

ഈ മാസങ്ങളിലുടനീളം ഖമേനിയുടെ മൃതദേഹം എവിടെയാണ് സൂക്ഷിച്ചതെന്നോ എങ്ങനെയാണ് സംരക്ഷിച്ചതെന്നോ ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, മൃതദേഹം മതപരവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിച്ച് അതീവ ബഹുമാനത്തോടെയാണ് സംരക്ഷിച്ചതെന്ന് ഇറാനിയൻ അധികൃതർ അറിയിച്ചു.”മൃതദേഹം അതീവ ബഹുമാനത്തോടെയും കരുതലോടെയും ഇസ്ലാമിക-നിയമപരമായ ചട്ടങ്ങൾ അനുസരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഖബറടക്കുകയോ മറ്റെവിടെയെങ്കിലും പ്രത്യേകമായി സൂക്ഷിക്കുകയോ ചെയ്തിട്ടില്ല,” അലി ഖമേനിയുടെ സംസ്കാരത്തിനായുള്ള പ്രത്യേക സമിതിയുടെ വക്താവ് ഇമാൻ അത്തർസാദെ യൂറോ ന്യൂസിനോട് പറഞ്ഞു.

ഇസ്ലാമിക ആചാരപ്രകാരം മരിച്ചവരെ എത്രയും വേഗം ഖബറടക്കണമെന്നാണ് നിർദേശം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മൃതദേഹം ശീതീകരിച്ച് സൂക്ഷിക്കാൻ അനുമതിയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇസ്ലാമിൽ രാസവസ്തുക്കൾ ഉപയോഗിച്ചുള്ള എംബാംമിംഗ് അനുവദനീയമല്ല. അതിനാൽ മൃതദേഹം രാസസംരക്ഷണം നടത്തിയതല്ല, ശീതീകരിച്ച് സൂക്ഷിക്കാനാണ് ഏറെ സാധ്യത എന്ന് ഭീകരവിരുദ്ധ വിദഗ്ധനായ ഡോ. ഒമർ മുഹമ്മദ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ ഷിയ നിയമം ശീതീകരണത്തിലൂടെ മൃതദേഹം സംരക്ഷിച്ചുകൊണ്ട് സംസ്കാരം വൈകിക്കാൻ അനുവദിക്കുന്നു. പരമോന്നത നേതാവിന്റെ കാര്യത്തിൽ ഇതിന് മതപരമായ പ്രത്യേക ഇളവ് ലഭിക്കുന്നതും എളുപ്പമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് നടന്ന അമേരിക്ക–ഇസ്രായേൽ ആക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ കൊച്ചുമകളും മകളും മരുമകനും മകൻ മൊജ്തബ ഖമേനിയുടെ ഭാര്യയും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന ചടങ്ങിൽ ഇവരുടെ ശവപ്പെട്ടികളും ഖമേനിയുടെ ശവപ്പെട്ടിക്കൊപ്പം പൊതുദർശനത്തിന് വച്ചു.വ്യാഴാഴ്ച രാത്രി ഖമേനിയുടെ ശവപ്പെട്ടി പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ആയിരക്കണക്കിന് അനുയായികൾ കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിക്കുകയും വിലാപഗാനങ്ങൾക്കിടെ തലയിൽ അടിച്ച് ദുഃഖം പ്രകടിപ്പിക്കുകയും ശവപ്പെട്ടിയിലേക്ക് പൂക്കൾ അർപ്പിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും ശവപ്പെട്ടികൾ അദ്ദേഹത്തിന്റെ മുൻഗാമിയായ ആയത്തുല്ല റുഹൊല്ല ഖൊമേനിയുടെ സ്മരണയ്ക്കായി നിർമ്മിച്ച വലിയ പ്രാർഥനാ ഹാളിൽ പൊതുദർശനത്തിന് വച്ചു. ഇറാനിലെ പ്രമുഖ നേതാക്കൾ ഖമേനിക്ക് ആദരാഞ്ജലി അർപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ മകനും ഇറാന്റെ പുതിയ പരമോന്നത നേതാവുമായ വ്യക്തി ചടങ്ങിൽ പങ്കെടുത്തില്ല. യുദ്ധം ആരംഭിച്ചതിന് ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

‘No chemical embalming, only cold storage’: How did Iran preserve Ali Khamenei’s body since Feb 28?

More Stories from this section

family-dental
witywide