
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഇപ്പോൾ പൂർണ്ണമായും തുറന്നിരിക്കുകയാണെന്നും മേഖലയുടെ പൂർണ്ണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്നുമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി കപ്പൽ ഗതാഗത സർവേ റിപ്പോർട്ടുകൾ. ചൊവ്വാഴ്ച കേവലം 14 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് കടന്നതെന്ന് പ്രമുഖ മാരിടൈം ഇന്റലിജൻസ് സ്ഥാപനമായ ‘പ്ലെർ’ (Kpler) വെളിപ്പെടുത്തി. യുദ്ധത്തിന് മുൻപുള്ള സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
കടലിടുക്കിൽ യുഎസിന് പൂർണ്ണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ സേന പ്രദേശത്തെ മൈനുകൾ നീക്കം ചെയ്തതോടെ പാത പൂർണ്ണമായും സുരക്ഷിതമാണെന്നും ട്രംപ് മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വാക്കിന് എതിരായി ആരെങ്കിലും പ്രവർത്തിച്ചാൽ തകർത്തു കളയുമെന്നും അമേരിക്ക നിലവിൽ വളരെ ശക്തമായ നിലപാടിലാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ, അമേരിക്കയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിടുക്ക് കടന്ന ഭൂരിഭാഗം കപ്പലുകളും ഇറാന്റെ അംഗീകാരമുള്ള പ്രത്യേക പാതയാണ് ഉപയോഗിച്ചതെന്ന് പ്ലെർ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച കടന്നുപോയ 14 കപ്പലുകളിൽ 11 എണ്ണവും ഇറാന്റെ നിയന്ത്രണത്തിലുള്ള പാത വഴിയാണ് സഞ്ചരിച്ചത്. യുദ്ധത്തിന് മുൻപ് ഭൂരിഭാഗം കപ്പലുകളും ഉപയോഗിച്ചിരുന്ന കടലിടുക്കിന്റെ മധ്യഭാഗത്തുകൂടിയുള്ള പരമ്പരാഗത പാതയിലൂടെ ഒരു കപ്പൽ പോലും സഞ്ചരിച്ചിട്ടില്ല.
യുദ്ധത്തിന് മുൻപ് പ്രതിദിനം ശരാശരി 120 കപ്പലുകൾ വരെ കടന്നുപോയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഗതാഗതം ഇത്രയധികം മന്ദഗതിയിലായിരിക്കുന്നത്. ആഗോളതലത്തിൽ എണ്ണ സംഭരണം വേഗത്തിൽ തീർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം എത്രയും വേഗം പൂർവസ്ഥിതിയിലാക്കേണ്ടത് അനിവാര്യമാണെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകി.










