ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന പത്തൊൻപതാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. വോളിബോളിനെ ഹൃദയത്തിൽ ഏറ്റിയ ഷിക്കാഗോയുടെ മണ്ണിൽ വോളി ടൂർണമെന്റ് ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളക്സിൽ രാവിലെ 8 മുതൽ ആരംഭിക്കും. ടൂർണമെൻ്റിൽ പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും.
19 വർഷം മുമ്പ് ഷിക്കാഗോയിലാണ് എൻകെ ലൂക്കോസ് മെമ്മോറിയൽ വോളി ടൂർണമെന്റിന് തുടക്കമായത്. ടൂർണമെന്റിൽ അമേരിക്കയിലെ 12 സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുക്കും. ഓപ്പൺ പൂളിൽ പന്ത്രണ്ടു ടീമുകൾ, 18 വയസ്സിൽ താഴെ ഉള്ളവരുടെ ടീമുകൾ, നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ടീമുകൾ, വനിതാ ടീമുകൾ എന്നിവരുടെ വെവ്വേറെ മത്സരങ്ങളുണ്ടായിരിക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻ്റെ ക്യാഷ് അവാർഡുകൾ വിജയികളാകുന്ന ടീമുകൾക്ക് ലഭിക്കുമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട് അറിയിച്ചു. കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷൻ നൽകുന്ന സമ്മാനങ്ങളും ഉണ്ടായിരിക്കും.
കിങ്സ് എന്റർടെയിൻമെന്റ് ആൻഡ് ഗെയിംമിങ്ങാണ് ടൂർണമെന്റിന്റെ പ്രധാന പ്രായോജകർ. ഇല്ലിനോയ്, ബെൻസൻവില്ലിലുള്ള എനർജി സ്പോർട്സ് കോംപ്ളസ് പതിനായിരത്തോളം കാണികൾക്ക് ഇരിക്കാൻ തക്കവിധം സൗകര്യമുള്ള ഇടമാണ്. വാഹനങ്ങൾ പാർക് ചെയ്യാൻ ധാരാളം സ്ഥലമുണ്ട്. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻ്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ട്രഷറർ അനിലാൽ ശ്രീനിവാസൻ, ഫ്ളവേഴ്സ് ടിവി യുഎസ് സിഇഒ ബിജു സഖറിയ, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് അംഗവും എൻആർഐ റിപ്പോർട്ടർ സിഇഒയുമായ ബിജു കിഴക്കേക്കുറ്റ്, ഡൊമിനിക് ചൊള്ളമ്പേൽ, വർഗീസ് പാലമലയിൽ എന്നിവരാണ് വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകിയത്.
എൻ.കെ. ലൂക്കോസിനെ ഓർമിക്കുമ്പോൾതൊടുപുഴ കരിങ്കുന്നം സ്വദേശി നടുമ്പറമ്പിൽ എൻ.കെ. ലൂക്കോസ് എന്നും വോളിബോളിനെ ആവേശത്തോടെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ ലോക പ്രശസ്ത വോളിതാരം ജിമ്മിജോർജിനൊപ്പം കളിച്ചിരുന്ന വ്യക്തിയായിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വോളിബോൾ ടീം അംഗമായിരുന്നു. 1980 ലാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്. 1987ലാണ് സുഹൃത്തുക്കളുമായി ചേർന്ന് ന്യൂയോർക്കിൽ “കേരള സ്പൈക്കേഴ്സ്” എന്ന പേരിൽ ഒരു വോളിബോൾ ടീം രൂപീകരിച്ചത്.
സ്പോർട്‌സ് കൂടാതെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും എൻ.കെ. ലൂക്കോസ് സജീവമായിരുന്നു. 2003 ലാണ് ന്യൂജഴ്‌സിയിലുണ്ടായ വാഹന അപകടത്തിൽ മരണമടഞ്ഞത്.എൻ.കെ.ലൂക്കോസിന്റെ സ്മരണയ്ക്കായാണ് കുടുംബവും, സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച എൻ.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ, വോളിബോളിനെ പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞ 19 വർഷമായി അമേരിക്കയിലും, കേരളത്തിലുമായി വോളിബോൾ ടൂർണമെന്റുകൾ നടത്തുന്നത്.
Only hours remain until the start of the Chicago Malayali Association’s N.K. Lukose Memorial Volleyball Tournament; MP V.K. Sreekandan is the chief guest.















