ഓപ്പറേഷൻ സൗന്ദര്യ: രണ്ടുലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’ പരിശോധനയിൽ രണ്ടുലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും സംയുക്തമായാണ് വിവിധ ജില്ലകളിൽ പരിശോധന നടത്തിയത്. വ്യാജ ഉൽപന്നങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ചോദ്യം ചെയ്തേക്കും.

തിരുവനന്തപുരത്തെ മണക്കാട് നടത്തിയ പരിശോധനയിൽ പാക്കിസ്ഥാനിൽ നിർമിച്ചതെന്ന് രേഖപ്പെടുത്തിയ ഗോറി ഫെയ്സ് ക്രീം പിടിച്ചെടുത്തു. ‘പൂനിയ ബ്രദേഴ്സ്, പാക്കിസ്ഥാൻ’ എന്ന രേഖപ്പെടുത്തലുള്ള പാക്കറ്റിൽ മറ്റ് നിർമാണവിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കണ്ണൂരിൽനിന്ന് കീചെയിൻ മാതൃകയിലുള്ള ലിപ്സ്റ്റിക്കും കണ്ടെത്തി. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതൽ വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത ഉൽപന്നങ്ങളുടെ കൃത്യമായ കണക്കുകൾ ശേഖരിച്ചുവരികയാണ്.

അതിനിടെ, മലപ്പുറത്ത് 17 വയസ്സുകാരിയുടെ വൃക്ക തകരാറിലാകാൻ കാരണമായെന്ന് ആരോപണമുയർന്ന എഫ്ട്യൂൺ ഫെയ്സ്ക്രീമിന്റെ നിർമാതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി മലപ്പുറത്തെ ചില വീടുകളിൽ പരിശോധന നടത്തിയെങ്കിലും നിർമാതാക്കളെ കണ്ടെത്താനായിട്ടില്ല.

ക്രീമിന്റെ പ്രചാരണത്തിനായി സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയ ഇൻഫ്ലുവൻസർമാരെയും അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. പ്രചാരണത്തിന് പണം നൽകിയത് ആരാണെന്നും ഉൽപന്നത്തിന്റെ ഉറവിടം എന്താണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. സ്വമേധയാ ക്രീം പ്രചരിപ്പിക്കുകയായിരുന്നുവെന്ന ഇൻഫ്ലുവൻസർമാരുടെ വാദം ഉദ്യോഗസ്ഥർ വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പരിശോധന തുടരുകയാണ്. ബന്ധപ്പെട്ട ചില അക്കൗണ്ടുകൾ ഇതിനോടകം പൂട്ടിയിട്ടുണ്ട്. ഒരു അക്കൗണ്ടിൽനിന്ന് ലഭിച്ച പണമടയ്ക്കാനുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളിലേക്ക് അന്വേഷണസംഘം എത്തിയിരുന്നു. എന്നാൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ കൈമാറാൻ നിയമപരമായ പരിമിതികളുണ്ടെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇതേത്തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.

More Stories from this section

family-dental
witywide