
തൃശൂർ: അബുദാബിയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ മലയാളി യാത്രക്കാരന് നേരെ ആക്രമണം. ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കുകയും തലയ്ക്കും മുഖത്തും മർദിക്കുകയും ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. അകലാട് കല്ലുവളപ്പിൽ യൂസഫ് (52) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ റോഷൻ മാത്യു (24) എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 24ന് രാത്രി ഏഴുമണിയോടെ അബുദാബി-കൊച്ചി ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനമുയർന്ന് ഏകദേശം രണ്ടുമണിക്കൂറിന് ശേഷം ഉറങ്ങുകയായിരുന്ന തന്നെ പ്രതി ബെൽറ്റ് ചുരുട്ടി തലയിലും മുഖത്തും അടിക്കുകയായിരുന്നുവെന്ന് യൂസഫ് പറഞ്ഞു. പിന്നാലെ ബെൽറ്റ് കഴുത്തിൽ ചുറ്റി മുറുക്കുകയും ചെയ്തു.
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ആക്രമണത്തിനിടെ എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. കണ്ണടയുടെ ചില്ല് പൊട്ടുകയും തലയ്ക്കും വലതുകണ്ണിനും പരിക്കേൽക്കുകയും ചെയ്തു. സഹയാത്രികരും വിമാനത്തിലെ ജീവനക്കാരും ചേർന്നാണ് പ്രതിയിൽനിന്ന് യൂസഫിനെ രക്ഷിച്ചത്. സംഭവത്തിൽ പരിക്കേറ്റ യൂസഫ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
ഷാർജയിലെ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് പ്രതിയായ റോഷൻ മാത്യു. സ്ഥാപനത്തിലെ സൂപ്പർവൈസറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ ആക്രമണം നടത്തിയതെന്ന് യൂസഫ് പറയുന്നു. എന്നാൽ പ്രതിയെ തനിക്ക് നേരത്തേ പരിചയമില്ലെന്നും യൂസഫ് വ്യക്തമാക്കി.
അബുദാബിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന യൂസഫ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് രണ്ടുവർഷത്തിനുശേഷം നാട്ടിലെത്തിയത്. വിമാനത്തിലെ സംഭവവും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളും തന്റെ ജോലിയെ ബാധിക്കുമോയെന്ന ആശങ്കയും യൂസഫ് പങ്കുവച്ചു.















