ട്രംപിന് ഇഷ്ടമല്ല എന്ന് വന്നപ്പോഴാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതെന്നും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എണ്ണവിലയുടെ പൂർണ്ണ നിയന്ത്രണ അധികാരം ഒരുകാലത്ത് കേന്ദ്രത്തിന്റെ കയ്യിലായിരുന്നു. ആ അധികാരം ഉപേക്ഷിച്ച് എണ്ണ കമ്പനിക്ക് അധികാരം നൽകിയത് മുൻ യുപിഎ സർക്കാരാണ്. ആ നയം ബിജെപി സർക്കാർ അതിശക്തമായി തുടരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം എണ്ണ കമ്പനികൾ ഉണ്ടാക്കി.
മുമ്പ് കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവായി ഇരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞത് പാലിക്കാൻ ഇപ്പോൾ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. രാസവളം, കൃഷി, ചരക്ക്, ഗതാഗതം തുടങ്ങി എല്ലാ മേഖലയിലും രൂക്ഷമായ വിലവർധന ഉണ്ടാകും. വൻതോതിൽ പണപ്പെരുപ്പം രൂക്ഷമാക്കും. കേന്ദ്രസർക്കാരിനെ വിമർശിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ ഒത്താശ ചെയ്യുന്നുവെന്നും പിണറായി വിമർശിച്ചു.
വരുന്നത് സാധാരണ പ്രതിസന്ധി അല്ല, അതിരൂക്ഷമായ പ്രതിസന്ധി. വിലവർധനവ് കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കും.ഈ ഭാരമെല്ലാം വന്ന് വീഴുന്നത് സാധാരണക്കാരുടെ തലയിൽ. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചില്ല. 2018 ൽ നികുതി കുറച്ചു. ധവളപത്രം വരുമ്പോൾ നമുക്ക് കാണാം. ഉമ്മാക്കി കാണിച്ച് ഞങ്ങളെ പേടിപ്പിക്കേണ്ട. കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. വിമർശിക്കാനും സർക്കാർ തയ്യാറാകുന്നില്ല. നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ കൊണ്ടുവരാനും തയ്യാറാകുന്നില്ല. കഴിഞ്ഞ ബജറ്റിൽ കേന്ദ്രസർക്കാർപ്പെടുത്തിയ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് സർക്കാറിന് കേന്ദ്രത്തോട് ആവശ്യപ്പെടാമെന്നും പിണറായി കൂട്ടിച്ചേർത്തു.
Opposition leader pinarayi vijayan against central govt and state on petrol hike












