ലോക്‌സഭാ സീറ്റുകൾ 850 ആക്കുന്നത് ജനാധിപത്യത്തെ തകർക്കും; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനിതാ സംവരണത്തിന്റെ പേരിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടുമോഷണ ആരോപണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ബിജെപി കണ്ടെത്തിയ കുറുക്കുവഴിയാണിതെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ 543 ലോക്‌സഭാ സീറ്റുകളിൽത്തന്നെ വനിതാ സംവരണം നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗങ്ങൾക്ക് ഉപസംവരണം ഉറപ്പാക്കണമെന്നും 2027-ലെ ജാതി സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തണമെന്നും ആവശ്യപ്പെട്ടു.

ലോക്‌സഭാ സീറ്റുകൾ 850 ആക്കാനുള്ള നീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പിന് മുൻപേ വിജയം ഉറപ്പാക്കാനുള്ള അവസരമാണെന്ന് രാഹുൽ ആരോപിച്ചു. വനിതാ സംവരണ ബിൽ ഇതിനകം പാസാക്കിയതാണ്. അതിനാൽ പുതിയ സീറ്റുകൾ സൃഷ്ടിക്കാതെ നിലവിലെ സീറ്റുകളിൽത്തന്നെ സംവരണം നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

2011-ലെ സെൻസസ് അടിസ്ഥാനമാക്കി 2051 വരെ മണ്ഡലങ്ങളുടെ എണ്ണം മരവിപ്പിക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെയും സാമൂഹികനീതിയെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനസംഖ്യാ വർധനയ്ക്കനുസരിച്ച് സംവരണ മണ്ഡലങ്ങളുടെ എണ്ണം വർധിക്കാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് വിഹിതത്തിൽ മാറ്റം വരുത്താതെ 2027-ലെ ജാതി സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 850 സീറ്റുകളെന്ന നിർദേശം രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം ബിജെപിക്ക് അനുകൂലമായി മാറ്റിവരയ്ക്കാനുള്ള ശ്രമമാണെന്നും രാഹുൽ ആരോപിച്ചു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരലബ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിന്റെ ഭാഗമായി വോട്ടർമാരെ ഒരു മണ്ഡലത്തിൽനിന്ന് മറ്റൊന്നിലേക്ക് കൂട്ടത്തോടെ മാറ്റുകയും പരസ്പരം ബന്ധമില്ലാത്ത പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് മണ്ഡലങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. അസമിലെ കാസിരംഗ, മംഗൾദോയ് മണ്ഡലങ്ങൾ ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡല പുനർനിർണയ കമ്മിഷന്റെ രൂപീകരണത്തിലും ബിജെപിക്ക് സ്വാധീനമുണ്ടാകുമെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരഞ്ഞെടുക്കുന്ന മുൻ സുപ്രീംകോടതി ജഡ്ജിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശിക്കുന്ന മറ്റൊരു അംഗവും ഉൾപ്പെടുന്ന സമിതി ബിജെപിയുടെ നിയന്ത്രണത്തിലാകുമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide