വിദേശത്ത് എ.ഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന യു.എസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ട്രംപ്; ലംഘിച്ചാൽ കനത്ത നികുതി

വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ വിദേശരാജ്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നത് നിരോധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിർദ്ദേശം ലംഘിച്ച് വിദേശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് മേൽ “കനത്ത നികുതി” ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏഷ്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം.

ചൈനയുടെ എ.ഐ മുന്നേറ്റത്തെ തടയുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. “നമ്മുടെ കമ്പനികളെ രാജ്യത്തിന് പുറത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ അനുവദിക്കില്ല. അങ്ങനെ ചെയ്താൽ ചൈന അവയെല്ലാം കൈക്കലാക്കും, അത് സംഭവിക്കാൻ നമ്മൾ അനുവദിക്കില്ല. എല്ലാം നമ്മുടെ രാജ്യത്ത് തന്നെ നിലനിർത്തും,” ട്രംപ് പറഞ്ഞു. ‘സൂപ്പർ ഇന്റലിജൻസ്’ (SI) എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന എ.ഐ സാങ്കേതികവിദ്യയിൽ അമേരിക്കയുടെ ആധിപത്യം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിക്കാതെയാണ് ഈ ആശയം മുന്നോട്ടുവെക്കുന്നതെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. “ഞാൻ എന്റെ ആളുകളോട് പോലും ഇത് പറഞ്ഞിട്ടില്ല, ഇപ്പോൾ അവർ ഇവിടെയുള്ളപ്പോൾ പറയുകയാണ്,” അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ ഇത് എപ്പോൾ, എങ്ങനെ പ്രാവർത്തികമാക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മെറ്റ, ഗൂഗിൾ , ആന്ത്രോപിക് തുടങ്ങിയ വൻകിട ടെക് കമ്പനികൾ വിദേശത്ത് വൻതോതിൽ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഫിൻലൻഡിൽ 13 ബില്യൺ യൂറോയുടെ (ഏകദേശം 15 ബില്യൺ ഡോളർ) എ.ഐ അടിസ്ഥാന സൗകര്യ വികസന പദ്ധതി ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫിൻലൻഡിലെ ഈ പദ്ധതിയെ ട്രംപ് പ്രത്യേകമായി എടുത്തുപറയുകയും അത് അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കാനഡയിലെ ആൽബെർട്ടയിൽ മെറ്റയും, നോവ സ്കോട്ടിയയിൽ ആന്ത്രോപിക്കും ഡാറ്റാ സെന്ററുകൾക്കായി നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നവംബർ ആദ്യം നടന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡാറ്റാ സെന്ററുകൾ പ്രധാന ചർച്ചാവിഷയമായിരുന്നു. അമിതമായ ഊർജ്ജ ഉപഭോഗവും ശബ്ദമലിനീകരണവും ചൂണ്ടിക്കാട്ടി ഡാറ്റാ സെന്ററുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയിരുന്നു. എന്നാൽ, ഡാറ്റാ സെന്ററുകളെ അടച്ചുപൂട്ടുന്നതിന് പകരം പ്രാദേശിക സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നാണ് ട്രംപിന്റെ നിലപാട്. നിലവിൽ അമേരിക്കയിൽ മൂവായിരത്തോളം ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 1,500 എണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും പ്യൂ റിസർച്ച് സെന്റർ കണക്കുകൾ വ്യക്തമാക്കുന്നു.

ചൈനീസ് കമ്പനികൾ വിദേശ ഡാറ്റാ സെന്ററുകൾ വഴി കമ്പ്യൂട്ടിംഗ് പവർ വാടകയ്‌ക്കെടുക്കുന്നത് തടയാൻ, നൂതന കമ്പ്യൂട്ടർ ചിപ്പുകൾ വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വാഷിംഗ്ടൺ ഈ ആഴ്ച ആദ്യം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

Trump to ban U.S. companies from building AI data centers abroad; heavy taxes for violations.

More Stories from this section

family-dental
witywide