ന്യൂയോർക്ക്: ആദ്യ ദിനത്തിലെ കുതിപ്പിന് പിന്നാലെ നിർമ്മിത ബുദ്ധി (AI) കമ്പനിയായ ആന്ത്രോപിക്കിന്റെ ഓഹരികൾ കൂപ്പുകുത്തിയതോടെ ആഗോള ഓഹരി വിപണികളിൽ കനത്ത ഇടിവ്. എഐ മേഖലയിലെ ഭീമൻ നിക്ഷേപങ്ങൾ ലാഭകരമാകുമോ എന്ന ആശങ്കയും പ്രമുഖ ടെക് കമ്പനികൾ നേരിടുന്ന പ്രതിസന്ധികളുമാണ് വെള്ളിയാഴ്ച വിപണിയെ ഉലച്ചത്.
വ്യാഴാഴ്ച നാസ്ഡാക്കിൽ 17 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച ആന്ത്രോപിക്, വെള്ളിയാഴ്ച 8.5 ശതമാനം ഇടിവോടെ ആദ്യ ദിനത്തെ നേട്ടത്തിന്റെ പകുതിയും നഷ്ടപ്പെടുത്തി. 83 ഡോളറായിരുന്ന പ്രാരംഭ വിലയ്ക്ക് (IPO) തൊട്ടടുത്തുള്ള 85 ഡോളർ വരെ ഓഹരി താഴ്ന്നു.
ടെക് ഓഹരികളുടെ കൂട്ടത്തോടെയുള്ള വിറ്റഴിക്കലിൽ പ്രധാന യുഎസ് സൂചികകളായ എസ് ആൻഡ് പി 500 (3.7%), ഡൗ ജോൺസ് (1.9%) എന്നിവ ‘കറക്ഷൻ’ മേഖലയിലേക്ക് (സമീപകാല ഉയർന്ന നിരക്കിൽ നിന്ന് 10% ഇടിവ്) വീണു. നാസ്ഡാക് സൂചിക 5.3 ശതമാനമാണ് ഇടിഞ്ഞത്.
ഏഷ്യൻ വിപണികളിലും തകർച്ച പ്രകടമായിരുന്നു. തായ്വാൻ ഓഹരി വിപണി 6 ശതമാനം ഇടിഞ്ഞതോടെ 1990-ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര തകർച്ചയാണ് (17 ശതമാനത്തിലധികം) രേഖപ്പെടുത്തിയത്. ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി സൂചികകൾ 5 ശതമാനം വീതം ഇടിഞ്ഞു. യൂറോപ്യൻ വിപണികളിലും നഷ്ടം രേഖപ്പെടുത്തി.
അതേസമയം, എൻവിഡിയ അടക്കമുള്ള പ്രമുഖ കംമ്പനികൾക്കും വീഴ്ചയായിരുന്നു. അക്കൗണ്ടിംഗ് രീതികളെക്കുറിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അന്വേഷണം നടത്തുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് എൻവിഡിയയുടെ ഓഹരികൾ 13.7% ഇടിഞ്ഞു. കൂടാതെ, വൻതോതിൽ എൻവിഡിയ ചിപ്പുകൾ വാങ്ങുന്നതിനായി ബോണ്ട് വിൽപ്പന പ്രഖ്യാപിച്ചതിന് പിന്നാലെ ഇലോൺ മസ്കിന്റെ സ്പേസ് എക്സ്, ടെസ്ല ഓഹരികളും 7.6 ശതമാനത്തിലധികം ഇടിഞ്ഞു. മെറ്റ (5%), ആമസോൺ (4%) എന്നിവയും കനത്ത നഷ്ടം നേരിട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ട്രില്യൺ ഡോളറിലധികം തുകയാണ് പ്രമുഖ കമ്പനികൾ എഐ മേഖലയിൽ നിക്ഷേപിച്ചത്. എന്നാൽ എപ്പോൾ ലാഭം തിരിച്ചുപിടിക്കാനാകുമെന്ന ആശങ്കയും, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് വിജയത്തിന് പിന്നാലെ എഐ വികസനത്തിൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന ഭയവുമാണ് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നത്.
Massive sell-off in tech stocks; Anthropic plunges, Nvidia also takes a hit














