
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ അനുദിനം വർദ്ധിച്ചുവരുന്ന യുദ്ധസമാനമായ സാഹചര്യങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ സ്ഥാനപതി ആസിം ഇഫ്തിഖാർ അഹമ്മദ്. കഴിഞ്ഞ മാസം ഒപ്പുവെച്ച ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കാനും പരസ്പര വാഗ്ദാനങ്ങൾ സംരക്ഷിക്കാനും എല്ലാ കക്ഷികളും തയ്യാറാകണമെന്ന് യു.എൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദി അറേബ്യയ്ക്ക് നേരെയും അന്താരാഷ്ട്ര ചരക്ക് കപ്പലുകൾക്ക് നേരെയും നടക്കുന്ന ആക്രമണങ്ങളെ പാകിസ്ഥാൻ സ്ഥാനപതി ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദിയെ വിശാലമായ ഈ പ്രാദേശിക സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കങ്ങളിൽ വലിയ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും പാകിസ്ഥാന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പലലസ്തീൻ ജനതയ്ക്ക് പാകിസ്ഥാന്റെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ആസിം ഇഫ്തിഖാർ അഹമ്മദ്, ഫലസ്തീൻ ഭൂപ്രദേശങ്ങളിലെ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാത്ത കാലത്തോളം പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനം അസാധ്യമായി തുടരുമെന്നും സഭയിൽ കൂട്ടിച്ചേർത്തു.













