യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഏഴ് വ്യവസ്ഥകൾ മുന്നോട്ടുവച്ച് ഇറാൻ. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ നിർണായക യുദ്ധത്തിനും തയ്യാറാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ വ്യവസ്ഥകൾ ഖത്തർ വഴി അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെസായി പറഞ്ഞു. എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന വ്യവസ്ഥകൾ. ഇവ അംഗീകരിക്കുന്നതാണ് അമേരിക്കയുടെ താൽപര്യം. ട്രംപിന്റെ ഭീഷണികൾ കൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല. നിർണായക യുദ്ധത്തിന് ഞങ്ങൾ തയ്യാറാണ് എന്നും റെസായി പറഞ്ഞു.
അമേരിക്കയുടെ മറ്റൊരു ആക്രമണത്തിനുള്ള സാധ്യതയും ഇറാൻ കണക്കിലെടുക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവിടങ്ങളിലെ അമേരിക്കൻ നാവിക സേനാ സന്നാഹങ്ങളെയാണ് ഇറാന്റെ പുതിയ സൈനിക പദ്ധതികൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും റെസായി പറഞ്ഞു. അമേരിക്കൻ കപ്പലിനോ വിമാനവാഹിനിക്കപ്പലിനോ സമീപം ഇറാൻ അടുത്തിടെ ഒന്നിലധികം വാർഹെഡുകൾ വഹിക്കാൻ ശേഷിയുള്ള കപ്പൽവേധ മിസൈൽ പരീക്ഷിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഭാവിയിൽ അമേരിക്കൻ ആക്രമണമുണ്ടായാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങളും അമേരിക്കൻ വാണിജ്യ താൽപര്യങ്ങളും ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്നും റെസായി മുന്നറിയിപ്പ് നൽകി. അതേസമയം, സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തറും പാകിസ്ഥാനും ഇടപെടുന്നുണ്ട്.
ആണവ വിഷയത്തിൽ ആണവ നിർവ്യാപന ഉടമ്പടിയിൽ (NPT) നിന്ന് പിന്മാറാൻ ഇറാൻ തീരുമാനിച്ചിട്ടില്ലെന്നും റെസായി വ്യക്തമാക്കി. എന്നാൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ ഇറാന്റെ ആണവ വിഷയം യുഎൻ സുരക്ഷാ കൗൺസിലിലേക്ക് കൈമാറുകയോ ചെയ്താൽ ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അത് ടെഹ്റാനെ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്താനുള്ള സാധ്യതയും ഇറാൻ തുറന്നുവച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും ധാരണയിലെത്തുന്നതിന് വളരെ അടുത്തെത്തിയിരുന്നെങ്കിലും പിന്നീട് ചർച്ചകൾ മാറ്റിവയ്ക്കുകയായിരുന്നുവെന്ന് റെസായി പറഞ്ഞു.
ഇതിനിടെ, ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള സൈനിക നടപടി വേണമോ എന്ന കാര്യത്തിൽ താൻ “വലിയൊരു തീരുമാനത്തെ” നേരിടുകയാണെന്ന് ട്രംപ് ഈ ആഴ്ച ആക്സിയോസിനോട് പറഞ്ഞിരുന്നു. “ഇറാൻ ഭരണകൂടത്തെ തകർക്കാൻ സൈനികമായി മുന്നോട്ട് പോകണോ, വേണ്ടയോ?” എന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Iran has formally conveyed its conditions to United States for ending the war, with its top official saying it has set out seven conditions for restarting negotiations while warning that it is also prepared for a decisive war.













