
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പാകിസ്താൻ പൗരന് 27 വർഷവും ആറുമാസവും തടവുശിക്ഷ. ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതിയാണ് 48-കാരനായ ആസിഫ് മർച്ചന്റിന് ശിക്ഷ വിധിച്ചത്.
ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. 2024-ലാണ് ഇയാൾ അറസ്റ്റിലായത്.2020-ൽ ഇറാന്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പ്രതികാരമായാണ് ആക്രമണപദ്ധതി തയ്യാറാക്കിയതെന്നാണ് പ്രോസിക്യൂഷൻ വാദം. അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, നിക്കി ഹാലി തുടങ്ങിയവരെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ആളുകളെ കണ്ടെത്താൻ ആസിഫ് ശ്രമിച്ചെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
അതേസമയം, ടെഹ്റാനിലുള്ള കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ (ഐആർജിസി) പദ്ധതിയിൽ പങ്കാളിയാകാൻ നിർബന്ധിതനായതാണെന്നും സ്വന്തം താൽപര്യപ്രകാരമായിരുന്നില്ലെന്നും ആസിഫ് കോടതിയിൽ മൊഴി നൽകി. പ്രത്യേകിച്ച് ആരെയെങ്കിലും വധിക്കാൻ നിർദേശം ലഭിച്ചിരുന്നില്ലെന്നും ഇറാനിയൻ ഹാൻഡ്ലർ മൂന്ന് പേരുടെ പേരുകൾ മാത്രമാണ് സംഭാഷണത്തിനിടെ പരാമർശിച്ചതെന്നും ഇയാൾ വ്യക്തമാക്കി.















