പാക് ആഭ്യന്തര മന്ത്രി ടെഹ്‌റാനിൽ, 24 ബില്യൺ ഡോളർ വിട്ടുനൽകിയാൽ മാത്രം കരാറെന്ന് ഇറാൻ; മധ്യസ്ഥതയ്ക്ക് പരിശ്രമം തുടർന്ന് പാകിസ്ഥാൻ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിലെ പ്രതിസന്ധി പരിഹരിക്കാനും മധ്യസ്ഥശ്രമങ്ങൾ ഊർജ്ജിതമാക്കാനും പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ടെഹ്‌റാനിലെത്തി. പശ്ചിമേഷ്യൻ മേഖലയിലെ സങ്കീർണ്ണമായ സൈനിക സംഘർഷങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചാനലായി ഉയർന്നുവന്നത് ഇസ്ലാമാബാദാണ്. കഴിഞ്ഞ ഏപ്രിലിൽ ഇരുവിഭാഗങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തൽ കരാറിലെത്തുന്നതിൽ പാകിസ്താൻ നിർണ്ണായക പങ്കുവഹിച്ചിരുന്നു.

തർക്കങ്ങൾ പരിഹരിക്കാനുള്ള പുതിയ നിർദ്ദേശങ്ങളുമായിട്ടാണ് പാക് ആഭ്യന്തര മന്ത്രി ഇറാന്റെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത്. നിലവിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾ ഇറാന്റെ ആണവ പദ്ധതി, വിദേശങ്ങളിലെ മരവിപ്പിച്ച സാമ്പത്തിക ആസ്തികൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ തട്ടി സ്തംഭിച്ചുനിൽക്കുകയാണ്. അതിനിടെ, അമേരിക്കയുമായി ഒരു സമാധാന കരാറിലെത്തണമെങ്കിൽ ട്രംപ് ഭരണകൂടം തങ്ങളുടെ മരവിപ്പിച്ച 24 ബില്യൺ ഡോളറിന്റെ (ഏകദേശം 2400 കോടി ഡോളർ) സാമ്പത്തിക ആസ്തികൾ പൂർണ്ണമായി വിട്ടുനൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ സൈനിക ഉപദേശകൻ മൊഹ്സൻ റെസായ് സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

നിലവിലെ ചർച്ചകൾ പൂർണ്ണമായും നിശ്ചലാവസ്ഥയിലാണെന്നും ഡോണാൾഡ് ട്രംപാണ് ഈ പ്രതിസന്ധി മറികടക്കാൻ മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കരാർ ഒപ്പിട്ടാലുടൻ 12 ബില്യൺ ഡോളറും, ബാക്കി തുക അടുത്ത ഘട്ടങ്ങളിലുമായി നൽകണമെന്നാണ് ഇറാന്റെ ആവശ്യം. ഇത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വിശ്വാസ്യതയുടെ പരീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകളിൽ പറയത്തക്ക പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ വാരത്തോടെ നിർണ്ണായകമായ ഒരു മാറ്റം ഉണ്ടായേക്കാമെന്നാണ് അമേരിക്ക ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide